കോഴിക്കോട്: പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ പുരസ്‌കാരം ഡിസ്നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും മാധ്യമപ്രവര്‍ത്തകനുമായ കെ. മാധവന് സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരദാനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷനായി.
ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പുരസ്‌കാര ജേതാവിന് പ്രശസ്തി പത്രം സമര്‍പ്പിച്ചു. എം.കെ. രാഘവന്‍ എംപി പുരസ്‌കാര ജേതാവിന് പൊന്നാട അണിയിച്ചു.
ജോണ്‍ ബ്രിട്ടാസ് എംപി, മേയര്‍ ബീന ഫിലിപ്പ്, ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ഗോകുലം ഗോപാലന്‍, കെ. മുരളീധരന്‍ സംസാരിച്ചു. പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റി പി.വി. നിധീഷ് സ്വാഗതവും പിവിഎസ് സണ്‍റൈസ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ജയ്‌കിഷ് ജയരാജ് നന്ദിയും പറഞ്ഞു.
സ്വാതന്ത്ര സമര സേനാനിയും പ്രമുഖ വ്യവസായിയും രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്‌ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.











