ന്യൂദൽഹി: ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി, ഭാരത സായുധസേനയ്‌ക്കു പ്രത്യേക അഭിവാദ്യമർപ്പിച്ചു. ഭാരതത്തിന്റെ നാവികസേന ശത്രുക്കളിൽ ഉളവാക്കിയ ഭയം, വ്യോമസേന പ്രകടിപ്പിച്ച അസാധാരണ വൈദഗ്ധ്യം, കരസേനയുടെ ധീരത, മൂന്നു സേനകളുടെയും അസാമാന്യമായ ഏകോപനം എന്നിവയാണ് ‘ഓപ്പറേഷൻ സിന്ദൂറി’നിടെ പാകിസ്ഥാനെ വേഗത്തിൽ കീഴടങ്ങാൻ നിർബന്ധിതരാക്കിയതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ദൗത്യത്തിൽ ഉൾപ്പെട്ട എല്ലാ സൈനികരും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശത്രു മുന്നിലുള്ളപ്പോഴും യുദ്ധം ആസന്നമായിരിക്കുമ്പോഴും സ്വതന്ത്രമായി പോരാടാൻ ശക്തിയുള്ള പക്ഷത്തിനാണ് എപ്പോഴും മുൻതൂക്കം എന്നു മോദി പ്രസ്താവിച്ചു. സായുധസേന ശക്തമാകണമെങ്കിൽ സ്വയംപര്യാപ്തത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, ഭാരത സൈന്യം സ്വയംപര്യാപ്തതയിലേക്കു സ്ഥിരമായി മുന്നേറിയതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ഇറക്കുമതി ചെയ്യേണ്ടതില്ലാത്ത ആയിരക്കണക്കിനു സൈനികസാമഗ്രികൾ സായുധസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, അതിന്റെ ഫലമായി മിക്ക അവശ്യ സൈനികോപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 11 വർഷത്തിനിടെ ഭാരത പ്രതിരോധ ഉൽപ്പാദനം മൂന്നിരട്ടിയിലധികം വർധിച്ച്, കഴിഞ്ഞ വർഷം ₹1.5 ലക്ഷം കോടി കവിഞ്ഞു. മറ്റൊരുദാഹരണം ചൂണ്ടിക്കാട്ടി, 2014 മുതൽ ഭാരതത്തിലെ കപ്പൽശാലകൾ 40-ലധികം തദ്ദേശീയ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും നാവികസേനയ്‌ക്കു കൈമാറിയതായി മോദി രാജ്യത്തെ അറിയിച്ചു. നിലവിൽ, ശരാശരി, ഓരോ 40 ദിവസത്തിലും പുതിയ തദ്ദേശീയ യുദ്ധക്കപ്പലോ അന്തർവാഹിനിയോ നാവികസേനയിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ബ്രഹ്മോസ്, ആകാശ് തുടങ്ങിയ മിസൈലുകൾ ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ അവയുടെ കഴിവു തെളിയിച്ചു. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ ഇപ്പോൾ ഈ മിസൈലുകൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്” – മൂന്നു സായുധസേനകൾക്കും ആയുധങ്ങളും ഉപകരണങ്ങളും കയറ്റുമതി ചെയ്യാനുള്ള ശേഷി ഭാരതം വളർത്തിയെടുക്കുന്നുണ്ടെന്നു വ്യക്തമാക്കി പ്രധാനമന്ത്രി പറഞ്ഞു. “ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ കയറ്റുമതിക്കാരിൽ ഒരാളാകുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം” – മോദി വിശദീകരിച്ചു. കഴിഞ്ഞ ദശകത്തിൽ ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതി 30 മടങ്ങു വർധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ സ്റ്റാർട്ടപ്പുകളുടെയും തദ്ദേശീയ പ്രതിരോധ യൂണിറ്റുകളുടെയും സംഭാവനകളാണ് ഈ വിജയത്തിനു പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.
……..
















