തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരിച്ചുകൊണ്ടുള്ള സമരം തുടങ്ങി. ജൂനിയർ ഡോക്ടർമാരും പി. ജി ഡോക്ടർമാരും മാത്രമാണ് ഒപിയിൽ ഡ്യൂട്ടിയിലുള്ളത്. നിലവില്‍ നടക്കുന്ന സമരം ശക്തമാക്കുന്നതിനോടനുബന്ധിച്ചാണ് ബഹിഷ്‌കരണം. കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. അധ്യാപനം നിർത്തി നടത്തിയ സമരത്തോട് സർക്കാർ മുഖം തിരിച്ചതുകൊണ്ടാണ് ഒപി ബഹിഷ്ക്കരണ സമരത്തിലേക്ക് കടന്നതെന്ന് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടന അ റിയിച്ചു.
ഇത്തരത്തില്‍ ഒരു സമരരീതിയിലേക്കു തങ്ങളെ തള്ളിവിട്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനു മാത്രമാണെന്ന് കെജിഎംസിടിഎ ആരോപിച്ചു. ഒരു സ്ഥാപനത്തിൽ സംതൃപ്തിയോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം. കഴിഞ്ഞ പത്ത് വർഷമായി സർക്കാർ ഇക്കാര്യത്തിൽ പരാജയപ്പെടുന്നു. ഇപ്പോ ശരിയാക്കാമെന്ന് പറയുന്നതല്ലാതെ ഒരു ശരിയാക്കലുമില്ല. സിസ്റ്റം തകരാറിലാണെന്ന് നേരത്തെ തന്നെ പലവട്ടം തെളിഞ്ഞിട്ടുള്ളതുമാണെന്ന് കണക്കുകൾ നിരത്തി കെജിഎംസിടിഎ പറഞ്ഞു.
പണിമുടക്കുന്ന ഒപി ദിവസങ്ങളിൽ ജൂനിയർ ഡോക്റ്റർമാരുടെയും പിജി ഡോക്റ്റർമാരുടെയും സാന്നിധ്യം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ മാത്രം തിങ്കളാഴ്ച ആശുപത്രിയിൽ എത്തണമെന്നും സംഘടന അറിയിച്ചു. സർക്കാരിൽ നിന്നും അധികാരികളിൽ നിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ റിലേ അടിസ്ഥാനത്തിൽ ഒക്ടോബർ 28, നവംബർ 5, 13, 21, 29 തീയതികളിൽ ഒപി ബഹിഷ്കരണം തുടരും.
ഈ ദിവസങ്ങളിൽ ക്ലാസുകളും ബഹിഷ്കരിക്കും. ഇതിനോടൊപ്പം ചട്ടപ്പടി സമരം തുടങ്ങുകയും നിസഹകരണ സമരം തുടരുകയും ചെയ്യുമെന്നും സംഘടന അറിയിച്ചു.















