തൃശൂർ: കേരളത്തിൽ അസ്വസ്ഥതകളുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന മതഭീകരവാദികളാണ് ഹിജാബ് വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ട്ബാങ്കിന് വേണ്ടി വിദ്യാഭ്യാസമന്ത്രി ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. മുമ്പുള്ള കോടതിവിധികൾ ശിവൻകുട്ടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിഫോം തീരുമാനിക്കേണ്ടത് സ്കൂളുകളാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഹിജാബ് വിഷയം ഉയർത്തിക്കൊണ്ടു വരുന്നത് മതഭീകരവാദ സംഘടനകളാണ്. ക്രിസ്ത്യൻ മാനേജ്മെൻറുകളും മറ്റ് സ്വകാര്യ മാനേജുമെൻറുകളും നടത്തുന്ന സ്കൂളുകളിൽ പോയി ഹിജാബ് ധരിക്കണമെന്നും നമാസ് നടത്തണമെന്നും പറയുന്നതിന് പിന്നിൽ അത്ര നല്ല ഉദ്ദേശമല്ല. കേരളത്തിൽ അസ്വസ്ഥതകളുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന മതഭീകരവാദികളാണ് ഇതിന് പിന്നിൽ.
മുസ്ലിംലീഗ് അടക്കമുള്ള പാർട്ടികൾ തീവ്രനിലപാട് സ്വീകരിക്കുകയാണ്. ഹൈബി ഈഡൻറെ നിലപാട് ലജ്ജാകരമാണ്. പോപ്പുലർഫ്രണ്ടിന് മുമ്പിൽ പരസ്യമായി മുട്ടുമടക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മൊല്ലാക്കന്മാരുടെ സ്കൂളിൽ അവരുടെ മത വസ്ത്രങ്ങൾ ധരിച്ചു അവര്‍ പോകട്ടെ. മറ്റു സ്കൂളിൽ എന്തിനാണ് പോകുന്നത്?. ശബരിമല സീസൺ കാലത്ത് കുട്ടികൾ കറുപ്പുടുത്തുകൊണ്ട് സ്കൂളിൽ വരാറുണ്ടോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
ബിജെപി മേഖലാ പ്രസിഡന്റ് എ നാഗേഷ്, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മേഖല വൈസ് പ്രസിഡന്റ് വിജയ് തോമസ് എന്നിവരും പത്രസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്നു
















