ഇസ്ലാമബാദ് :പാകിസ്ഥാന്റെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് പിന്നില്‍ ഒരാളുണ്ട്…ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന , പാകിസ്ഥാന്റെ അകവും പുറവും അടുത്തറിയുന്ന ഒരാള്‍- അതാണ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍. താലിബാനുമായി ഇന്ത്യ പൊടുന്നനെ അടുക്കുന്നതിന് പിന്നിലും അജിത് ഡോവലിന്റെ ബുദ്ധിയുണ്ടെന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ താലിബാനെ മുതലെടുക്കാതിരിക്കാനുള്ള പ്രതിരോധതന്ത്രത്തിന്റെ ഭാഗം.
പാകിസ്ഥാന്റെ ആണവായുധം ഇന്ത്യ 15 വര്‍ഷത്തോളം വൈകിപ്പിച്ചതെങ്ങിനെ?
പാകിസ്ഥാന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയതിനാലാണ് ഇന്ന് ആ രാജ്യത്തിനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യയ്‌ക്കാവുന്നത്. ആറ് വര്‍ഷമാണ് അജിത് ഡോവല്‍ പാകിസ്ഥാന്റെ രഹസ്യ ആണവപദ്ധതിയുടെ ചുരുളക്കിക്കാന്‍ പാകിസ്ഥാനില്‍ ഒരു ഭിക്ഷക്കാരനെപ്പോലെ അലഞ്ഞത്. കീറിയ ഷാളും പുതച്ച്, മുഷിഞ്ഞ വേഷവും ധരിച്ച ഭിക്ഷക്കാരന്‍. ഒരു മുസ്ലിം ഭിക്ഷക്കാരന്റെ വേഷമാണ് ഡോവല്‍ അണിഞ്ഞത്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിലെ കഹൂട്ടയിലെ ഖാന്‍ റിസര്‍ച്ച് ലാബോറട്ടറിയെ ചുറ്റിപ്പറ്റിയായിരുന്നു ഡോവലിന്റെ അന്വേഷണം.
ദിവസേന മുസ്ലിം ഭിക്ഷക്കാരന്റെ വേഷത്തില്‍ ഡോവല്‍ ആ ലാബിന് ചുറ്റും കറങ്ങി. ഒടുവില്‍ ഡോവല്‍ ഈ കറക്കത്തിനിടയില്‍ ഒരു കാര്യം മനസ്സിലാക്കി. ലാബിലെ ശാസ്ത്രജ്ഞര്‍ മുടിവെട്ടാന്‍ പോകുന്നത് തൊട്ടടുത്തുള്ള ഒരു ബാര്‍ബര്‍ ഷോപ്പിലേക്കാണ്. ലാബിന് അടുത്തുള്ള ഒരു മുടിവെട്ട് കടയുടെ മുന്നില്‍ അജിത് ഡോവല്‍ എന്ന ഭീക്ഷക്കാരന്‍ ചുറ്റിക്കറങ്ങി. ആരുമറിയാതെ അവിടെ മുടിവെട്ടാന്‍ എത്തിയ പാക് ആണവശാസ്ത്രജ്ഞന്മാരുടെ തലമുടി അജിത് ഡോവല്‍ പഴയ പാട്ടയും കുപ്പിയും പേപ്പറും പെറുക്കിയിടുന്ന ചാക്കിലിട്ടു. പിന്നീട് ആ തലമുടി ഇന്ത്യയിലെ ലാബിലേക്ക് പരിശോധനയ്‌ക്കയച്ചു. ആ തലമുടി നയിച്ചത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്കായിരുന്നു. ആ തലമുടിയില്‍ യുറേനിയത്തിന്റെ അവശിഷ്ടവും റേഡിയേഷനും ഉണ്ടെന്ന് കണ്ടെത്തി. അതായത് പാകിസ്ഥാന്‍ ആണവശാസ്ത്രജ്ഞര്‍ ആണവപരീക്ഷണം നടത്തുന്നു എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്.
ഇതോടെ ഇന്ത്യന്‍ സൈന്യവും രഹസ്യഏജന്‍സികളും പാകിസ്ഥാന്റെ ആണവപരീക്ഷണങ്ങള്‍ വൈകിക്കാന്‍ പല തന്ത്രങ്ങളും പയറ്റി. സ്വന്തം ജീവന്‍ പണയം വെച്ച് അജിത് ഡോവല്‍ ആറു വര്‍ഷക്കാലം പാകിസ്ഥാനില്‍ നടത്തിയ ആ രഹസ്യദൗത്യത്തിന് ഫലമുണ്ടായി. പാകിസ്ഥാന്റെ ആണവായുധം വികസിപ്പിക്കാനുള്ള ശ്രമങ്ങളെ 15 വര്‍ഷത്തോളം വൈകിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
പാകിസ്ഥാനെ ചിതറിക്കുന്ന ഡോവലിന്റെ ‘ഡിഫന്‍സീവ് ഒഫന്‍സ്’ എന്ന തന്ത്രം
പാകിസ്ഥാനുമായി നേരിട്ട് ഏറ്റുമുട്ടാതെ പാകിസ്ഥാന്റെ ദൗര്‍ബല്യങ്ങള്‍ അടുത്തറിഞ്ഞ് പ്രവര്‍ത്തിക്കുക എന്ന ഡിഫന്‍സീവ് ഒഫന്‍സീവ് (പ്രതിരോധിച്ച് ആക്രമിക്കല്‍-Defensive Offence) എന്ന തന്ത്രം അജിത് ഡോവല്‍ കൊണ്ടുവന്നതാണ്. പാകിസ്ഥാനെ അടിമുടി അറിയുക എന്നിട്ട് അവരുടെ ദൗര്‍ബല്യങ്ങളെ അടിക്കുക എന്നത് സാധ്യമാക്കലാണ് ഈ തന്ത്രം. പാകിസ്ഥാന്റെ സാമ്പത്തിക പ്രശ്നങ്ങള്‍, ആഭ്യന്തരസുരക്ഷ, രാഷ്‌ട്രീയ അസ്ഥിരതകള്‍ എന്നിവ തലനാരിഴ കീറി പഠിക്കുകയായിരുന്നു ഡോവലും കൂട്ടരും. ഈ പാഠങ്ങള്‍ പഠിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്ന മറുതന്ത്രം മെനയുക എന്നതാണ് ലക്ഷ്യം. അങ്ങിനെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് കനത്ത ചെലവേറിയ ഒരു കാര്യമായി മാറുന്നതോടെ പാകിസ്ഥാന്‍ ഈ പരിപാടി നിര്‍ത്തിക്കൊള്ളും എന്നതാണ് ഡോവലിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങളും വിശദമായി അരിച്ചുപെറുക്കി ഡോവല്‍ പഠിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ ഒമ്പതിടങ്ങളിലെ തീവ്രവാദപരിശീലനകേന്ദ്രങ്ങള്‍ ഇന്ത്യയ്‌ക്ക് തകര്‍ക്കാനായാത് ഇവയെ സംബന്ധിച്ചുള്ള വ്യക്തമായ രൂപരേഖ കയ്യിലുള്ളതുകൊണ്ടാണ്. ഇതുപോലുള്ള എത്രയോ തീവ്രവാദപരിശീലന കേന്ദ്രങ്ങള്‍ പാകിസ്ഥാന്റെ ഉള്‍നഗരങ്ങളില്‍ ഇനിയുമേറെയുണ്ട്.
സൂചിയെ സൂചികൊണ്ട് എടുക്കുന്ന ഡോവല്‍ തന്ത്രം
ഇന്ത്യയിലേക്ക് തീവ്രവാദത്തെ കയറ്റി അയച്ച് രാജ്യത്തിന്റെ സമാധാനം കെടുത്തുന്ന പാകിസ്ഥാന്‍ ഇപ്പോള്‍ പുറംനാട്ടില്‍ നിന്നും പാകിസ്ഥാനിലേക്ക് കടുന്നുവരുന്ന തീവ്രവാദം കൊണ്ട് പൊറുതിമുട്ടുകയാണ്. ഭീകരവാദത്തിന്റെ സുഖം മാത്രം അറിഞ്ഞ പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ വേദന അറിയാന്‍ തുടങ്ങിയിരിക്കുന്നു. സൂചിയെ സൂചികൊണ്ട് എടുക്കുന്ന ഒരു ഡോവല്‍ തന്ത്രം ഇതിന് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്. അഫ്ഗാനിസ്ഥാനിലെ ഭീകരവാദ പരിശീലനകേന്ദ്രങ്ങളില്‍ നിന്നും പാകിസ്ഥാന്റെ മണ്ണിലേക്കിറങ്ങുന്ന തീവ്രവാദികള്‍ പാകിസ്ഥാനില്‍ വന്‍നാശം വിതയ്‌ക്കുകയാണ്. ഇതോടെ ഭീകരര്‍ക്ക് താവളമൊരുക്കുന്ന താലിബാനെ പാകിസ്ഥാന്‍ വിമര്‍ശിച്ചു തുടങ്ങി എന്ന് മാത്രമല്ല, ഭീകരവാദം ഇറക്കുമതി ചെയ്താല്‍ തിരിച്ചടിക്കുമെന്ന് താലിബാനെ പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ ദുരവസ്ഥയിലേക്ക് പാകിസ്ഥാനെ തള്ളിവിട്ടതിന് പിന്നില്‍ ഇന്ത്യയുടെ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ കരങ്ങളുണ്ട്.
ഒരു ഭാഗത്ത് ഇമ്രാന്‍ ഖാന്റെ പിടിഐ, മറ്റൊരു ഭാഗത്ത് പാകിസ്ഥാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ പൊരുതുന്ന തെഹ്രീക് ലബ്ബായിക് പാകിസ്ഥാന്‍ എന്ന് ടിഎല്‍പി, വേറൊരു ഭാഗത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നും പരിശീലനം നേടി പാകിസ്ഥാന്റെ മണ്ണില്‍ അസമാധാനം വിതയ്‌ക്കുന്ന ടിടിപി, ഇനിയും നാലാമതൊരു ഭാഗത്ത് പാകിസ്ഥാനില്‍ നിന്നും ബലൂച് മേഖലയെ അടര്‍ത്തിമാറ്റി ബലൂചിസ്ഥാന്‍ എന്ന രാജ്യം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് യുദ്ധം ചെയ്യുന്ന ബലൂച് ആര്‍മി…അതേ ചതുര്‍മുഖങ്ങളില്‍ നിന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും മുന്‍പില്ലാത്ത വിധം ഭീഷണി നേരിടുകയാണ്. ഒരൊറ്റ രാജ്യമാക്കി കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്തവിധം പാകിസ്ഥാന്‍ ചിതറുകയാണ്. ഇതിന് പിന്നിലും ഇന്ത്യയുടെ ജെയിംസ് ബോണ്ടായ അജിത് ഡോവല്‍ എന്ന സീക്രട്ട് ഏജന്‍റിന്റെ കരങ്ങളുണ്ട്.
















