കൊച്ചി: ഹിജാബ് വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ മാനേജ്മെന്‍റിന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മാത്രം പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ വിവാദപ്രസ്താവനയിറക്കുകവഴി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയാണ് ഹിജാബ് വിവാദം വഷളാക്കിയതെന്ന അഭിപ്രായം ശക്തമാകുന്നു. ഹിജാബ് ധരിച്ചുവന്ന തന്നെ സ്കൂള്‍ അധികൃതര്‍ പുറത്തുനിര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ മൊഴിയോടെ കുട്ടിയുടെ പിതാവും എസ് ഡിപിഐ പ്രവര്‍ത്തകരും കൂടുതല്‍ രോഷാകുലരായി സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി എത്തി. ഈ സംഭവത്തിനെല്ലാം മുന്‍പ് സ്കൂളിലേക്ക് കുട്ടിയെ ഹിബാജ് ധരിപ്പിച്ച് പറഞ്ഞയച്ചത് ആര് എന്ന ചോദ്യം ആരും ചോദിക്കാന്‍ ധൈര്യപ്പെടുന്നുമില്ല.
സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്ടറാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് തൊണ്ട തൊടാതെ വിഴുങ്ങുകയായിരുന്നു വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി. “ഹിജാബ് ധരിച്ച് സ്കൂളില്‍ പ്രവേശിക്കാന്‍ കുട്ടിയെ അനുവദിക്കണം” എന്ന ശിവന്‍കുട്ടിയുടെ പ്രസ്താവന സ്കൂള്‍ അധികൃതരെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുകയായിരുന്നു. ഇതോടെയാണ് നിയമപരമായി തങ്ങളുടെ ഭാഗം കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറായി സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
എല്ലാ തെളിവുകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നും കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഹെലീന ആല്‍ബിന്‍ പറയുന്നു. “ഹിജാബ് ധരിച്ച് സ്കൂളില്‍ പ്രവേശിക്കാന്‍ കുട്ടിയെ അനുവദിക്കണം” എന്ന ശിവന്‍കുട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി സ്കൂള്‍ അധികൃതര്‍ രംഗത്ത് വരികയും യൂണിഫോം സ്കൂളിന് തീരുമാനിക്കാമെന്നാണ് മുന്‍ കോടതി വിധികളെന്നും സ്കൂള്‍ അധികൃതര്‍ തിരിച്ചടിച്ചതോടെയാണ് മന്ത്രി ശിവന്‍കൂട്ടി പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലേക്ക് ഇറങ്ങിവന്നത്. ഒരു വിദ്യാഭ്യാസമന്ത്രി പാലിക്കേണ്ടതായ പക്വത അദ്ദേഹം കാണിച്ചില്ലെന്നും ഒരു വിഭാഗത്തിനൊപ്പം മന്ത്രി ശിവന്‍കുട്ടി പരസ്യമായി നിലപാടെടുത്തു എന്നുമുള്ള വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.
















