കോട്ടയം: കേരളത്തില്‍ ഉള്ളത് വണ്‍ സൈഡ് മതേതരത്വം മാത്രമാണെന്ന് ബിജെപി നേതാവ് പി.സി ജോർജ്. പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ എതിര്‍ക്കാന്‍ ബിജെപിയല്ലാതെ ഒരു രാഷ്‌ട്രീയ ശക്തിയും ഇന്ന് സംസ്ഥാനത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളുരുത്തിയിലെ സ്‌കൂളിലെ ഹിജാബ് വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു പി. സി ജോർജ്.
തനിക്ക് പറയാനുള്ളത് കഴിഞ്ഞ ആറു ആറു വര്‍ഷങ്ങളായി പറയുന്നുണ്ട്. അന്നൊക്കെ എല്ലാവരും തന്നെ വര്‍ഗീയവാദിയാക്കാന്‍ മത്സരിച്ചു. ഇന്നും തന്നെ തെറി വിളിക്കുന്ന മതേതര ഹൈന്ദവനും ക്രൈസ്തവനും ഒരു നാള്‍ താന്‍ പറഞ്ഞത് സത്യമായിരുന്നു എന്ന് ബോധ്യപ്പെടുമെന്നും കാലം ബോധ്യപ്പെടുത്തുമെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഹിജാബ് വിഷയത്തില്‍ പ്രതികരിക്കുന്നില്ലേ അറിഞ്ഞില്ലേ എന്ന് പലരും വിളിച്ചു ചോദിച്ചു. എനിക്ക് പറയാനുള്ളത് ഞാന്‍ കഴിഞ്ഞ ആറു ആറു വര്‍ഷങ്ങളായി പറയുന്നുണ്ട്. അന്നൊക്കെ എല്ലാവരും എന്നെ വര്‍ഗീയവാദിയാക്കാന്‍ മത്സരിച്ചു. എതിര്‍ ശബ്ദമുയര്‍ത്തിയ എന്നെ പൂഞ്ഞാറില്‍ പരാജയപ്പെടുത്താനുള്ള പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ കെണിയില്‍ പലരും വീണു. എന്റെ പരാജയം അവരുടെ വിജയമായിരുന്നു. പിന്നീട് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കേരളം ഇത് വരെ കാണാത്ത രീതിയില്‍ ഉള്ള കടന്നുകയറ്റം സമസ്ത മേഖലയിലും നമ്മള്‍ കണ്ടു. ഇപ്പോഴും കാണുന്നു. ഇനിയും കൂടുതല്‍ കൂടുതല്‍ കാണാം.
ഇത്രയധികം പൊളിറ്റിക്കല്‍ ഇസ്‌ലാം ശക്തി പ്രാപിച്ചു കേരളത്തില്‍. അവരെ എതിര്‍ക്കാന്‍ ബിജെപിയല്ലാതെ ഒരു രാഷ്‌ട്രീയ ശക്തിയും ഇന്ന് കേരളത്തില്‍ ഇല്ല. ആവര്‍ത്തിച്ചു പറയുന്നു കേരളത്തില്‍ ഉള്ളത് വണ്‍ സൈഡ് മതേതരത്വം മാത്രമാണ്. ഇന്നും എന്നെ തെറി വിളിക്കുന്ന മതേതര ഹൈന്ദവനും ക്രൈസ്തവനും ഒരു നാള്‍ ഞാന്‍ പറഞ്ഞത് സത്യമായിരുന്നു എന്ന് ബോധ്യപ്പെടും. കാലം ബോധ്യപ്പെടുത്തും.
















