കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമ പ്രസാദം കൃത്രിമമായി ഉണ്ടാക്കുന്ന കേന്ദ്രം ബിജെപി-ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പിടികൂടി. സ്ഥലത്തെത്തിയ ദേവസ്വം അസി. കമ്മീഷണറെ ഉള്‍പ്പടെ തടഞ്ഞുവെച്ചു മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനാണ് കൊട്ടാരക്കര സാക്ഷ്യം വഹിച്ചത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് പിന്നില്‍ 100 മീറ്റര്‍ അകലെ വാടക വീട്ടില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കരിപ്രസാദം, ചന്ദനം, ഗ്യാസ് അടുപ്പില്‍ വാട്ടിയ വാഴയില എന്നിവ ഉപയോഗിച്ച് മലിനജലത്തില്‍ ഉണ്ടാക്കിയ കൃത്രിമ അഷ്ടദ്രവ്യ മഹാഗണപതിഹോമ പ്രസാദമാണ് പിടികൂടിയത്.
ഉടന്‍ തന്നെ കരി പ്രസാദത്തിന്റെ നിര്‍മ്മാണത്തിലിരുന്ന ബംഗാളികള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ മുറികള്‍ പൂട്ടി രക്ഷപ്പെടുകയായിരുന്നു. കൂടുതല്‍ പ്രവര്‍ത്തകരും ഭക്തജനങ്ങളും തടിച്ചുകൂടിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. അസി. ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉള്‍പ്പടെയുള്ള ദേവസ്വം ജീവനക്കാരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരുമെത്തിയില്ല. ഉത്തരവാദികളായ ദേവസ്വം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി-ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഒടുവില്‍ കൊട്ടാരക്കര ഡിവൈഎസ്പി ബൈജു കുമാര്‍, ഐഎസ്എച്ച്ഒ ജയകൃഷ്ണന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ഹിന്ദു ഐക്യവേദി നേതാക്കളായ ഗോപാലകൃഷ്ണന്‍, മഞ്ഞപ്പാറ സുരേഷ്, കൗണ്‍സിലര്‍ അരുണ്‍ കാടംകുളം എന്നിവരുടെ സാന്നിധ്യത്തില്‍ അസി. കമ്മീഷണര്‍ ആയില്യ എം.ആര്‍. പിള്ള മുറി തുറന്ന് അകത്തു കടന്ന് കൃത്രിമ കരിപ്രസാദം സംബന്ധിച്ച മഹസര്‍ തയ്യാറാക്കി ദേവസ്വം വിജിലന്‍സ്, ഡെ. കമ്മീഷണര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ദേവസ്വം അസി. കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി. പ്രസാദം തയാറാക്കിയത് മായം കലര്‍ന്ന രാസവസ്തുക്കള്‍ ചേര്‍ത്താണെന്ന സംശയത്തെ തുടര്‍ന്ന് രാസപരിശോധനക്ക് അയക്കും. ക്ഷേത്രത്തില്‍ ഭക്തര്‍ നടയ്‌ക്കുവയ്‌ക്കുന്ന ചന്ദനത്തിരിയും എണ്ണയും നെയ്യും ഉള്‍പ്പടെയുള്ള വഴിപാടു വസ്തുക്കള്‍ ചാക്കുകളിലാക്കി ഇട്ടിരിക്കുന്നതും ഒഴിഞ്ഞ മദ്യക്കുപ്പികളും പഴകിയ നെറ്റിപ്പട്ടവും തിടമ്പും ഇവിടെ നിന്നും കണ്ടെടുത്തു. ഇവിടുത്തെ കിണറ്റിലെ വെള്ളം, കണ്ടെത്തിയ ചന്ദനം, കരി എന്നിവയുടെ സാമ്പിളുകള്‍ രാസപരിശോധനക്കായി ശേഖരിച്ചു. വെള്ളിയാഴ്ച ഒന്നരയോടെയായിരുന്നു സംഭവം.











