തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന് രാജ്ഭവനില്‍ പ്രതിമ 23ന് രാവിലെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്യും. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മുന്‍ രാഷ്‌ട്രപതിമാരെ അവരുടെ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളില്‍ യോജ്യമായി ആദരിക്കണം എന്ന മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ആഗ്രഹം മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഏറ്റെടുക്കുകയായിരുന്നു. 2024 മെയ് 3ന് തന്റെ ആശയം സംബന്ധിച്ച് അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് രാംനാഥ് കോവിന്ദ് വ്യക്തിപരമായി കത്തയച്ചു. നല്ല വ്യക്തിത്വവും ദീര്‍ഘദര്‍ശിത്വവും ഉണ്ടായിരുന്ന സമുന്നത നേതാവായ കെ.ആര്‍. നാരായണന്‍ സ്വതന്ത്ര നിലപാടെടുത്ത രാഷ്‌ട്രപതിയായിരുന്നുവെന്നും, കേരളത്തിന്റെ പാരമ്പര്യ മൂല്യങ്ങളെ ശരിയായി പ്രതിനിധീകരിച്ചുവെന്നും, തന്റെ ജന്മനാടിനോടുള്ള ആത്മബന്ധം ആഴമുള്ളതായിരുന്നു എന്നും കോവിന്ദ് കത്തില്‍ സൂചിപ്പിച്ചു. സ്വന്തം മണ്ണില്‍ ജനിച്ച ഒരാള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയില്‍ എത്തിയതിന്റെ ബഹുമാനാര്‍ത്ഥം സംസ്ഥാനം ഒരു സ്മാരകം നിര്‍മ്മിക്കുന്നത് അത്യന്തം ഉചിതമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.ആര്‍.നാരായണന്റെ പ്രതിമയോ ശില്‍പമോ രാജ്ഭവനില്‍ സ്ഥാപിക്കാനാകുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അത് നടപ്പായാല്‍ സംസ്ഥാന ജനങ്ങളുടെ മനസ്സില്‍ രാജ്ഭവന് പ്രത്യേകം സ്ഥാനം നേടാനാകും എന്നും കത്തില്‍ പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാന്‍ ഈ നിര്‍ദേശം സ്വീകരിച്ച് പ്രതിമ നിര്‍മ്മാണത്തിന് തീരുമാനമെടുത്തു. രാജ്ഭവനിലെ ഗവര്‍ണറുടെ വസതിയിലേക്കുള്ള വഴിയില്‍ അതിഥിമന്ദിരത്തോട് ചേര്‍ന്ന ഭാഗത്ത് സ്ഥലവും കണ്ടെത്തി. നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിന്റെ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. നാരായണന്‍കുട്ടിയുടെ മേല്‍നോട്ടത്തില്‍ ഇടുക്കി സിജോയാണ് നാലര അടി ഉയരമുള്ള അര്‍ദ്ധകായ പ്രതിമ സിമന്റില്‍ നിര്‍മ്മിച്ചത്. പ്രതിമയുടെ അനാച്ഛാദനം രാഷ്‌ട്രപതി തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് രാഷ്‌ട്രപതിയുടെ സന്ദര്‍ശന വേളയില്‍ പ്രതിമ അനാച്ഛാദനം കൂടി തീരുമാനിച്ചത്. രാഷ്‌ട്രപതി, മുന്‍ രാഷ്ടപതി, രണ്ട് ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രി ഇത്രയും പേര്‍ പങ്കെടുക്കന്ന പ്രതിമ അനാച്ഛാദനം സംസ്ഥാനത്തെ ആദ്യത്തെ ചടങ്ങു കൂടിയാകും.
















