പാലക്കാട്: വാണിയംകുളത്ത് ഡിവൈഎഫ്‌ഐ മുന്‍ മേഖല ഭാരവാഹി വിനേഷിനെ ആക്രമിച്ചത് കൃത്യമായി ആസൂത്രണം ചെയ്താണെന്ന് പൊലീസ്. പ്രതികള്‍ വിനേഷിനെ പിന്തുടര്‍ന്ന് ഭാരമുള്ള വസ്തുകൊണ്ട് തലയ്‌ക്കടിച്ചെന്ന് പൊലീസ് പറയുന്നു.
അതേസമയം, ആക്രമണം വ്യക്തി വിരോധം മൂലമെന്നും പ്രതികള്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടി എടുക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. തലച്ചോറിന് പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന വിനേഷിന്റെ നില അതീവഗുരുതരമാണ്.വിനേഷിന്റെ തലച്ചോറിനും തലയോട്ടിയ്‌ക്കും ഇടയില്‍ അമിത രക്തസ്രാവം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിനേഷിന്റെ ജീവന്‍ രക്ഷപ്പെടുത്താനായാലും കോമയില്‍ തുടരാനാണ് സാധ്യത. നിലവില്‍ 4 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഡിവൈഎഫ്‌ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാകേഷിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വിനേഷ് കമന്റിട്ടതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പ്രതികളുടെ മൊഴി. ബ്ലോക് സെക്രട്ടറി ആവശ്യപ്പെ ട്ടപ്രകാരമായിരുന്നു ആക്രമണം. സുഹൃത്തുക്കളുമായി വിനേഷ് വാണിയംകുളത്ത് എത്തിയപ്പോള്‍ പ്രതികള്‍ പിന്തുടര്‍ന്ന് വിനേഷിനെ ബാറില്‍ നിന്നിറക്കി മര്‍ദ്ദിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷപ്പെട്ട വിനേഷിനെ പനയൂരിലേക്ക് പിന്തുടര്‍ന്നെത്തി ആക്രമിക്കുകയും ഭാരമുള്ള വസ്തു കൊണ്ട് തലയ്‌ക്കടിക്കുകയുമായിരുന്നു.
എന്നാല്‍ കൊലപ്പെടുത്താന്‍ ഉദേശിച്ചല്ല പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് പ്രതികളുടെ വാദം.
















