കൊച്ചി: ശബരിമല സ്വര്‍ണ കവര്‍ച്ചാസംഭവത്തില്‍ ഹിന്ദുഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെയും പോലീസ് ഭയപ്പെടുന്നു. ഹിന്ദുഐക്യവേദിയുടെ സോഷ്യല്‍ മീഡിയ ടീം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലിട്ട പോസ്റ്റ് ശശികല ടീച്ചര്‍ ഷെയര്‍ ചെയ്തിരുന്നു. ഈ പോസ്റ്റ് ഒന്നര മണിക്കൂറിനുള്ളില്‍ പോലീസ് ഫെയ്‌സ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദിയുടെ പേജില്‍ നിന്നും ശശികല ടീച്ചറുടെ അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 7.30നാണ് ശശികല ടീച്ചര്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഇത് 9.30 ആയപ്പോള്‍ കാണാനില്ലായിരുന്നു. എന്നാല്‍ നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഈ കണ്ടന്റ് ഭാരതത്തില്‍ ലഭ്യമല്ല എന്നാണ് എഴുതിയിരിക്കുന്നത്. എന്തുകൊണ്ട് ഡിലീറ്റായി എന്ന ‘വൈ’ എന്ന ഓപ്ഷനില്‍ നോക്കിയപ്പോള്‍ പോലീസിന്റെ നിര്‍ദേശം എന്നാണ് എഴുതിയിരിക്കുന്നത്.
ശശികല ടീച്ചര്‍ ഷെയര്‍ ചെയ്ത പോസ്റ്റ് ഇങ്ങനെ: 2019 ല്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന കെ.പി. ശങ്കരദാസിന്റെയും മകനും അന്നത്തെ കോട്ടയം എസ്പിയും നിലവില്‍ ഡിഐജിയുമായ എസ്. ഹരിശങ്കറിന്റെയും പങ്ക് അന്വേഷിക്കപ്പെടണം. സ്വര്‍ണവും മറ്റ് അമൂല്യ വസ്തുക്കളും സന്നിധാനത്തു നിന്ന് കടത്താന്‍ സ്ത്രീകളെ ആസൂത്രിതമായി സന്നിധാനത്ത് എത്തിച്ച് സംഘര്‍ഷം സൃഷ്ടിച്ചതാകാന്‍ സാധ്യത.
ബിന്ദുവിനെയും കനകദുര്‍ഗയെയും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലും അറിയാതെ സന്നിധാനത്ത് എത്തിച്ചത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ കൂടിയായ ശങ്കരദാസിന്റെ മകന്‍ ഹരിശങ്കര്‍ ആണെന്നുള്ള വാര്‍ത്തകള്‍ അന്നുതന്നെ പുറത്തുവന്നതാണ്. മുഖ്യമന്ത്രി പിണറായിയും കടകംപള്ളി സുരേന്ദ്രനും അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറും അംഗങ്ങളായിരുന്ന കെ. രാഘവനും കെ.പി. ശങ്കരദാസും അന്വേഷണം നേരിടണം. ഈ പോസ്റ്റാണ് പോലീസിനെയും ഉന്നതരെയും ഭയപ്പെടുത്തിയത്.
















