തൃശൂർ: ശബരിമല സ്വർണ മോഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. എ.പത്മകുമാറും, എൻ.വാസുവും പ്രസിഡൻ്റുമാരായ കാലത്താണ് ശബരിമലയിൽ കുഴപ്പങ്ങളുണ്ടായത്. മുഖ്യമന്ത്രിയുടെ പ്രതിപുരുഷൻ ആയിരുന്നു എൻ.വാസുവെന്നും എം. ടി രമേശ് പറഞ്ഞു. തൃശ്ശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി അന്വേഷണം കൊണ്ട് മാത്രം സത്യങ്ങൾ എല്ലാം പുറത്തുവരും എന്ന് കരുതുന്നില്ല. ദേവസ്വം ബോർഡിന്റെ അനുവാദത്തോടെയും സഹായത്തോടെയുമാണ് സ്വർണ്ണ പാളികൾ കടത്തി കൊണ്ട് പോയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരും മന്ത്രിമാരും അതിന് പിന്നിൽ പ്രവർത്തിച്ചു. സ്വർണം മോഷ്ട്ടിച്ചതാണെന്ന് തന്നെയാണ് കോടതിയും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വാസവൻ പറഞ്ഞത് പോറ്റിയെ അറിയില്ല എന്നാണ്, തൊട്ടടുത്ത ദിവസം അതിന്റെ സത്യാവസ്ഥ ചിത്രങ്ങൾ സഹിതം പുറത്തുവന്നു. ശബരിമലയെ തകർക്കാൻ ശ്രമിച്ച അതേ ശക്തികളാണ് മോഷണത്തിന് പിന്നിൽ. 2018 ൽ ശബരിമലയെ തകർക്കാൻ നോക്കിയത് മുഖ്യമന്ത്രിയാണ്. തട്ടിപ്പ് സംഗമം നടത്തിയത് സിപിഎം തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ വേണ്ടിയാണ്. ശബരിമലയിലെ ധൂർത്തടിക്കാൻ ഉള്ളതല്ല സിപിഎമ്മിന്റെ പണമല്ല അത് ദേവസ്വത്തിന്റെ പണമാണ്. അയ്യപ്പന്റെ ഓരോ രൂപയ്‌ക്കും മറുപടി പറയിപ്പിക്കും.
നാളെ ബിജെപി ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. 9, 10 തിയതികളിൽ എല്ലാ ജില്ലാ ആസ്ഥാനത്തും മാർച്ച് നടത്തും. തുടർന്ന് പഞ്ചായത്ത് തല സമരം നടത്തും സെക്രട്ടറിയേറ്റിന് മുന്നിൽ പിന്നീട് സമര കേന്ദ്രമാക്കുമെന്നും എം.ടി രമേശ് പറഞ്ഞു. ദേവസ്വം ബോർഡിന്റെ പണം മുതലാളിമാർക്ക് കുടിച്ച് ആടാനുള്ളതല്ല. ഭക്തജനങ്ങൾ നൽകുന്ന പണമാണ് അത് ക്ഷേത്ര കാര്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടതെന്നും എം.ടി രമേശ് പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, ബിജെപി സംസ്ഥാന സെക്രട്ടറിഎം വി ഗോപകുമാർ, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ് എന്നിവരും പത്രസമ്മേളനത്തിൽ ഉണ്ടായിരുന്നു.
















