വാഷിങ്ടൺ : കടക്കെണിയിലായ രാജ്യത്തിന്റെ ധാതു വിഭവങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി ഒരു അമേരിക്കൻ കമ്പനിയുമായി കഴിഞ്ഞ മാസം ഉണ്ടാക്കിയ കരാറിനെത്തുടർന്ന് പാകിസ്ഥാൻ അപൂർവയിനം ധാതുക്കളുടെ ആദ്യ സാമ്പിളുകൾ യുഎസിൽ എത്തിച്ചു. ഇപ്പോൾ ഈ കരാറും സാമ്പിളുകളും പാകിസ്ഥാനിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) യുഎസുമായുള്ള രഹസ്യ കരാറുകളിൽ ആശങ്ക പ്രകടിപ്പിച്ചു. ഡോൺ ദിനപത്രത്തിലെ ഒരു റിപ്പോർട്ട് അനുസരിച്ച് യുഎസിലേക്ക് അയച്ച സാമ്പിളുകളിൽ ആന്റിമണി, ചെമ്പ് കോൺസെൻട്രേറ്റ്, നിയോഡൈമിയം, പ്രസിയോഡൈമിയം പോലുള്ള അപൂർവ ഭൂമി ഘടകങ്ങൾ ഉൾപ്പെടുന്നുണ്ട്. പാകിസ്ഥാൻ സൈനിക എഞ്ചിനീയറിംഗ് വിഭാഗമായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷനുമായി (FWO) സെപ്റ്റംബറിലാണ് യുഎസ് സ്ട്രാറ്റജിക് മെറ്റൽസ് (USSM) ഒരു ധാരണാപത്രത്തിൽ (MOU) ഒപ്പുവച്ചത്.
പാകിസ്ഥാനിൽ ധാതു സംസ്കരണ, വികസന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി ഏകദേശം 500 മില്യൺ ഡോളർ നിക്ഷേപിക്കാനാണ് കരാർ. പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് എന്നാണ് USSM കരാറിനെ വിശേഷിപ്പിച്ചത്.
ഇതിനു പുറമെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബ്രീഫ്‌കേസിൽ വർണ്ണാഭമായ ചില കല്ലുകൾ കാണിച്ചുകൊടുക്കുന്ന അസിം മുനീറിന്റെ ഫോട്ടോ വൈറ്റ് ഹൗസ് അടുത്തിടെ പുറത്തുവിട്ടതിന് ശേഷമാണ് പാകിസ്ഥാൻ അമേരിക്കയിലേക്ക് ആദ്യമായി അപൂർവ ഭൂമി ധാതുക്കൾ കയറ്റുമതി ചെയ്യുന്നത്. ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.
അതേ സമയം പാകിസ്ഥാന്റെ ധാതുസമ്പത്ത് ഏകദേശം 6 ട്രില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. ഇത് ലോകത്തിലെ ഏറ്റവും വിഭവസമൃദ്ധമായ രാജ്യങ്ങളിലൊന്നായി അതിനെ മാറ്റുന്നുവെന്ന് ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഈ കരാറിനെതിരെ പാകിസ്ഥാനിൽ പ്രതിഷേധം പുകയുന്നുണ്ട്. ദി ഡോൺ റിപ്പോർട്ട് പ്രകാരം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പിടിഐ, യുഎസുമായും അമേരിക്കൻ കമ്പനികളുമായും ഉള്ള കരാറുകളുടെ മുഴുവൻ വിവരങ്ങളും പാകിസ്ഥാൻ സർക്കാർ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു.
യുഎസുമായുള്ള രഹസ്യ ഇടപാടുകളുടെ വിശദാംശങ്ങൾ സർക്കാർ പരസ്യപ്പെടുത്തണമെന്ന് പിടിഐ ഇൻഫർമേഷൻ സെക്രട്ടറി ഷെയ്ഖ് വഖാസ് അക്രം ആവശ്യപ്പെട്ടു. പാർലമെന്റും രാജ്യവും ഇതിൽ പങ്കാളികളാകണമെന്നും അത്തരം എല്ലാ ഇടപാടുകളുടെയും പൂർണ്ണ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
















