പാലക്കാട് : മുസ്ലിം ലീഗുകാര്‍ ജനിച്ച മതം നോക്കി ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്നവരാണെന്ന് സിപിഎം നേതാവ് ഡോ പി സരിന്‍.സിപിഎം പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു സരിന്‍ ഇങ്ങനെ പറഞ്ഞത്.
ജനിച്ച മതമേതാണെന്ന് നോക്കിക്കൊണ്ട് തന്നെയായിരിക്കണം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ വെട്ടിയിരിക്കുന്നത് എന്നു പറഞ്ഞ് ഈ നാടിന് നരകം സമ്മാനിച്ച് ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്നതിന്റെ അവസ്ഥയിലേക്കാണ് ലീഗിന്റെ രാഷ്‌ട്രീയം – സരിന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റേതും ലീഗിന്റേതും മാത്രമായ വാര്‍ഡുകള്‍ക്ക് മാത്രം ഫണ്ട് അനുവദിക്കുന്നതില്‍ ശുഷ്‌കാന്തിയുണ്ട്. ഈ നാടിനെ 21 വാര്‍ഡുകളായി മാറ്റിയപ്പോള്‍ അവിടെപ്പോലും മതം കുത്തിക്കയറ്റിയ രാഷ്‌ട്രീയ പാര്‍ട്ടിയാണ് ലീഗ്. ഇത് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ലീഗിന് വോട്ട് കൊടുക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ജനങ്ങളുടെ മുന്നില്‍ ഉത്തരമുണ്ടാകണം .
മുസ്ലീം ലീഗിന് കൊടുക്കുന്ന വോട്ടുകള്‍ ആര്‍എസ്എസിന് കൊടുക്കുന്ന വോട്ടിന് തുല്യമായി മാറുന്ന രാഷ്‌ട്രീയ സാഹചര്യമാണ്.ബിജെപിക്കാരനെന്ന് പറയാന്‍ മടിയുള്ളവരാണ് പത്തിരുപത് കൊല്ലം മുന്‍പ് ഉണ്ടായിരുന്നത്. ആ മടി മാറി, നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെയാകാമെങ്കില്‍ ഞങ്ങള്‍ക്കുമാകാമെന്ന് പറഞ്ഞ് മതത്തിന്റെ പേരില്‍ രാഷ്‌ട്രീയത്തെ ചുരുക്കി,മുസ്ലീം ലീഗ് സമം മുസ്ലീമെന്ന വ്യാഖ്യാനത്തിലേക്ക് എത്തിച്ചു. ഹിന്ദു സമം ബിജെപി എന്നാക്കിക്കളയാമെന്ന് പറഞ്ഞ് അവരും അവരുടെ വഴിക്ക് വളരാന്‍ ലീഗ് വളമിടുന്നു. ആ രാഷ്‌ട്രീയത്തെയാണ് തോല്‍പ്പിക്കേണ്ടത്. മതവും ജാതിയും പറഞ്ഞല്ല നേരും നെറിയും നോക്കി ആളുകളെ തിരഞ്ഞെടുക്കാന്‍, നിലപാട് നോക്കി വോട്ട് ചെയ്യാന്‍ നമുക്ക് കഴിയണം സരിന്‍ പറഞ്ഞു.
















