വെള്ളറട : കാരക്കോണം കണ്ഠന്‍ചിറയിലെ ചായക്കടയില്‍ വില്പനക്ക് കൊണ്ട് വന്ന ആര്‍വി അക്വ എന്ന കമ്പനിയുടെ കുപ്പി വെള്ളത്തില്‍ ഒരു സെന്റിമീറ്റര്‍ വലിപ്പമുള്ള പുഴുവിനെ കണ്ടെത്തി.
സീല്‍ ചെയ്ത കുപ്പിക്കുള്ളില്‍ പുഴുവിനെ കണ്ടത് ചായക്കടയില്‍ എത്തിയവരെയും അങ്കലാപ്പിലാക്കി. ഗ്രാമീണ മേഖലകളില്‍ പല കമ്പനികളുടെ പേരില്‍ കുപ്പിവെള്ളം യഥേഷ്ടം വില്പനയ്‌ക്കായി എത്തുന്നുണ്ട്. ഇരുപത് രൂപ നിരക്കിലാണ് കുപ്പി വെള്ളം ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. കമ്പനിയുടെ വിശ്വാസ്യതയോ വെള്ളത്തിന്റെ ഉറവിടത്തെക്കുറിച്ചോ ശുദ്ധമായ വെള്ളമാണോ നിറയ്‌ക്കുന്നതെന്നോ യാതൊരു വിധ പരിശോധനയുമില്ല. വേനല്‍ ശക്തമായതോടെ യാത്രക്കാര്‍ പലരും കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ എത്തിക്കുന്ന വെള്ളത്തിന്റെ നിലവാരത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്താറില്ല.
പല സ്ഥലങ്ങളിലും അമീബിക് മസ്തിഷ്‌ക ജ്വരമടക്കം വെള്ളത്തിലൂടെ പകരുന്ന സാഹചര്യത്തിലാണ് കുപ്പിവെള്ളത്തില്‍ പുഴു കണ്ടത്. അതിര്‍ത്തി പ്രദേശത്തെ തമിഴ്‌നാട് ഭാഗത്തുള്ള ഉത്പാദകരാണ് ഗ്രാമീണ മേഖലയില്‍ നിലവാരമില്ലാത്ത കുപ്പി വെള്ളം വിപണനത്തിനെത്തിക്കുന്നത്.
















