ന്യൂദൽഹി: യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷാ (സിഎസ്ഇ) 2022 ഫലങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ച ദൃഷ്ടി ഐഎഎസ്സിന് (വിഡികെ എഡ്യൂവഞ്ചേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ്) കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സിസപിഎ) അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി.
‘യുപിഎസ് സിഎസ്ഇ 2022ൽ 216+ സെലക്ഷനുകൾ’ എന്ന പരസ്യവും വിജയിച്ച ഉദ്യോഗാർത്ഥികളുടെ പേരുകളും ഫോട്ടോഗ്രാഫുകളും സഹിതം പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ, പരിശോധനയിൽ, അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഈ ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുത്ത കോഴ്‌സുകളുടെ തരത്തെയും ദൈർഘ്യത്തെയും കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ മറച്ചുവെച്ചതായും സസിപിഎ കണ്ടെത്തി.
ദൃഷ്ടി ഐഎസ് അവകാശപ്പെട്ട 216 ഉദ്യോഗാർത്ഥികളിൽ 162 പേർ (75%) യുപിഎസ് സിഎസ്ഇ യുടെ പ്രിലിമിനറി, മെയിൻ ഘട്ടങ്ങൾ സ്വതന്ത്രമായി പാസായ ശേഷം ഇൻസ്റ്റിറ്റിയൂട്ടിന്റെ സൗജന്യ ഇന്റർവ്യൂ ഗൈഡൻസ് പ്രോഗ്രാം (ഐജിപി) മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഐജിപി+ മറ്റ് കോഴ്‌സുകളിൽ 54 വിദ്യാർത്ഥികൾ മാത്രമേ ചേർന്നിട്ടുള്ളൂ.
പ്രധാനപ്പെട്ട വിവരങ്ങൾ മനഃപൂർവ്വം മറച്ചുവെച്ചതിലൂടെ, യുപിഎസ് സി പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലും തങ്ങളുടെ വിജയത്തിന് പിന്നിൽ ദൃഷ്ടി ഐഎഎസ് ആണെന്ന് ഉദ്യോഗാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ചു. ഇത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പ് 2(28) പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണ്.
സമാനമായ പെരുമാറ്റത്തിന്ന് ദൃഷ്ടി ഐഎഎസിന് ചുമത്തുന്ന രണ്ടാമത്തെ പിഴയാണിതെന്ന് സസിപിഎ ചൂണ്ടിക്കാട്ടി. നേരത്തെ, 2024 സെപ്തംബറിൽ, ‘യുപിഎസ്‌സി സിഎസ്ഇ 2021 ൽ 150+ സെലക്ഷനുകൾ’ എന്ന തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തിന്മേൽ ദൃഷ്ടി ഐഎഎസ്സിനെതിരെ അതോറിറ്റി അന്തിമ ഉത്തരവ് പാസാക്കിയിരുന്നു.
















