തിരുവനന്തപുരം: 2025ലെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (സര്‍വകലാശാലാ കീഴിലെ സര്‍വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ഭേദഗതി ബില്‍ നിയമ സര്‍വകലാശാലയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കളമൊരുങ്ങുന്നു. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും അനദ്ധ്യാപക നിയമനങ്ങള്‍ പിഎസ്‌സി നിയന്ത്രണത്തിലായിരിക്കേയാണ് കൊച്ചിയിലെ നിയമ സര്‍വകലാശാലയിലെ അനദ്ധ്യാപക നിയമനങ്ങള്‍ പിഎസ്‌സിയില്‍ നിന്ന് മാറ്റുന്നത്. ആദ്യമായാണ് പിഎസ്‌സിയെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നിയമന ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നതും.
നിയമ സര്‍വകലാശാലയില്‍ സര്‍വകലാശാലയ്‌ക്ക് നേരിട്ട് നിയമിക്കാനുള്ള ഭേദഗതിയാണ് ബില്ലിലുള്ളത്. ഇപ്പോള്‍ പിഎസ്‌സിയില്‍ നിന്ന് നിയമ സര്‍വകലാശാലയില്‍ നിയമനം ലഭിച്ചവര്‍ക്ക് മറ്റ് സര്‍വകലാശാലയില്‍ നിയമിതരായവര്‍ക്കുള്ള സര്‍വീസ് ആനുകൂല്യങ്ങളൊന്നുമില്ല, മറ്റ് സര്‍വകലാശാലകളിലെ അനദ്ധ്യാപക തസ്തികകളിലേക്കുള്ള സ്റ്റാഫ് പാറ്റേണ്‍, ഉദ്യോഗപ്പേര്, യോഗ്യതകള്‍, ശമ്പള സ്‌കെയില്‍ എന്നിവ പിന്തുടരുന്നില്ല തുടങ്ങിയ ന്യായങ്ങള്‍ നിരത്തിയാണ് ഭേദഗതി കൊണ്ടുവരുന്നത്. നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സര്‍വകലാശാലയില്‍ അനദ്ധ്യാപക നിയമനങ്ങള്‍ സര്‍വകലാശാലാ ഭരണസമിതിക്ക് നേരിട്ട് നടത്താനാകും. ദിവസക്കൂലി അടിസ്ഥാനത്തിലുള്ളവരെ സ്ഥിരപ്പെടുത്താനും ഭരണസമിതിക്കാകും.
നിയമ സര്‍വകലാശാലയുടെ സേവന വ്യവസ്ഥ വ്യത്യസ്തമായതിനാല്‍ പിഎസ്‌സിക്ക് ഇവിടെ പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്താവുന്നതാണെന്ന സൗകര്യം ബോധപൂര്‍വം ഒഴിവാക്കിയാണ് പിന്‍വാതില്‍ നിയമനത്തിന് വഴിയൊരുക്കുന്നത്. ലോകായുക്തയുടെയും ഹൈക്കോടതി നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്റെയും ശിപാര്‍ശാടിസ്ഥാനത്തിലാണ് അനധ്യാപക നിയമനങ്ങള്‍ പൂര്‍ണമായും പിഎസ്‌സി നിയന്ത്രണത്തിലാക്കിയത്. പ്രതി വര്‍ഷം 12 കോടി രൂപ സര്‍ക്കാര്‍ സഹായം യൂണിവേഴ്‌സിറ്റിക്കുണ്ട്.
ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റി പരിഗണനയ്‌ക്ക് വിട്ടു. അടുത്താഴ്ചത്തെ നിയമസഭയില്‍ ബില്‍ പാസാക്കാനാണ് നീക്കം.
















