ന്യൂദൽഹി: 17 വർഷത്തിനു ശേഷം കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരത്തിന്റെ വെളിപ്പെടുത്തൽ രാജ്യത്തെ മാത്രമല്ല, ലോകത്തെ ഞെട്ടിക്കുന്നു. അമേരിക്കയ്‌ക്ക് വഴങ്ങി, പാകിസ്ഥാനൻ- ഇസ്ലാമിക ഭീകര പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് ഭരണകൂടം കീഴടങ്ങി, ഭാരത ജനതയുടെ സ്വാതന്ത്ര്യം പണയം വെച്ചതിന്റെ വെളിപ്പെടുത്തലാണ് ചിദംബരം നടത്തിയത്.
മുംബൈയിൽ 2008ൽ പാകിസ്ഥാൻ സഹായത്തോടെ നടന്ന ഭീകരാക്രമണത്തിന് ശേഷം, അന്നത്തെ യുപിഎ സർക്കാർ പാകിസ്ഥാനെതിരെ നടപടി ഒന്നും വേണ്ടെന്ന് തീരുമാനിച്ചത് അന്താരാഷ്‌ട്ര സമ്മർദ്ദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും മൂലമാണെന്നാണ് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം വെളിപ്പെടുത്തിയത്്. പ്രതികാരത്തിന് ഞാൻ തയാറായിരുന്നു, പക്ഷേ സർക്കാർ സൈനിക നടപടിയെടുക്കാൻ തീരുമാനിച്ചില്ല.
175 പേരുടെ ജീവൻ അപഹരിച്ച സംഘടിത ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചിദംബരം ചുമതലയേറ്റത്. വാർത്താ ചാനലായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് 17 വർഷം കഴിഞ്ഞുള്ള ഈ തുറന്നു പറച്ചിൽ.
”ഞാൻ ചുമതലയേറ്റ് രണ്ടോ മൂന്നോ ദിവസത്തിൽ, അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി (ആഭ്യന്തരമന്ത്രി) യായിരുന്ന കോണ്ടലീസ റൈസ് എന്നെയും പ്രധാനമന്ത്രിയെയും (മൻമോഹൻ സിങ്) കാണാൻ പറന്നു. ‘ദയവായി പ്രതികരിക്കരുത്’ എന്ന് പറയാനാണ് വന്നത്. ഇത് സർക്കാർ എടുക്കുന്ന തീരുമാനമാണെന്ന് ഞാൻ പറഞ്ഞു. ഒരു ഔദ്യോഗിക രഹസ്യവും വെളിപ്പെടുത്താതെ, നമ്മൾ എന്തെങ്കിലും പ്രതികാരം ചെയ്യണമെന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു,
പ്രധാനമന്ത്രിയുമായും ‘പ്രധാനപ്പെട്ട മറ്റ് ആളുകളുമായും’ സാധ്യമായ പ്രതികാര നടപടിയെക്കുറിച്ച് ചർച്ച ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐഎഫ്എസിന്റെയും സ്വാധീനത്താൽ, സാഹചര്യത്തോട് നമ്മൾ കായികമായി പ്രതികരിക്കരുതെന്ന നിഗമനത്തിലാണ് പക്ഷേ സർക്കാർ എത്തിയത്, ചിദംബരം വിവ രിച്ചു.
2008 നവംബർ 26 ന്, ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള 10 പാകിസ്ഥാൻ ഭീകരരുടെ ഒരു സംഘം ഛത്രപതി ശിവാജി മഹാരാജ് ട്രെയിൻ സ്റ്റേഷനിൽ ആക്രമണം നടത്തി; ഒബ്റോയ് ട്രൈഡന്റ്, താജ്മഹൽ പാലസ്, ടവർ ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമ ആശുപത്രി, നരിമാൻ ഹൗസ് എന്നിവ. മുംബൈ പോലീസ് പിടികൂടിയ ഭീകരരിൽ ഒരാളായ അജ്മൽ കസബിനെ 2012 ൽ തൂക്കിലേറ്റി, ഇതായിരുന്നു മുംബൈ ഭീകരാക്രമണത്തിന്റെ ചുരുക്കവും പരിണാമവും.
വിദേശ ശക്തികളുടെ സമ്മർദ്ദം മൂലമാണ്, പ്രത്യേകിച്ച് അമേരിക്കയുടെ സമ്മർദ്ദത്തിലും നിയന്ത്രണത്തിലുമാണ് യുപിഎ സർക്കാർ പ്രവർത്തിച്ചതെന്ന ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു.
















