ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാല് പേരെ യുപി ഭീകര വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. അക്‌മൽ, സഫീൽ, മൊഹമ്മദ് തൗസീഫ്, കാസിം എന്നിവരാണ് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്ന് പിടിയിലായത്.
പിടിയിലായവർ പാക്കിസ്ഥാനിലെ ഭീകര സംഘടനകളിൽ സ്വാധീനമുള്ളവരാണെന്ന് യുപി എടിഎസ് അറിയിച്ചു. സമൂഹമാധ്യമങ്ങൾ വഴി ജനങ്ങളെ പ്രകോപിപ്പിക്കാനും നിലവിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനും ഇവർ ലക്ഷ്യമിട്ടതായി പോലീസ് ആരോപിക്കുന്നു.
സംസ്ഥാനത്ത് ‘മുജാഹിദ് ആർമി’ എന്നൊരു സംഘടന രൂപീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. കാൻപൂർ, രാംപൂർ, സോൻഭദ്ര, സുൽത്താൻപുർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇവർ പലയിടങ്ങളിലായി ഒത്തുചേരുകയും ആയുധങ്ങൾ ശേഖരിക്കുന്നതിനായി പണം സമാഹരിക്കുകയും ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത നാല് പേരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് യുപി എടിഎസ് അറിയിച്ചു.











