തിരുവനന്തപുരം:സദസില്‍ ആളില്ലാത്തതിനാല്‍ മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്ന പരിപാടിയില്‍ നിന്നാണ് മന്ത്രി പ്രകോപിതനായി ഇറങ്ങിപ്പോയത്.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസില്‍ ആളില്ലാത്തതും മന്ത്രിയെ ചൊടിപ്പിച്ചു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം പരിസരത്ത് മുന്‍കൂട്ടി നിശ്ചയിച്ച ചടങ്ങാണ് ആരംഭിച്ചതിന് പിന്നാലെ റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചത്. പച്ചക്കൊടി കാട്ടേണ്ട വാഹനങ്ങള്‍ കൊട്ടാരത്തിനു മുന്നില്‍ കയറ്റി നിര്‍ത്തണമെന്ന് മന്ത്രി നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും സംഘാടകര്‍ അത് അനുസരിച്ചില്ല.
വി.കെ.പ്രശാന്ത് എംഎല്‍എ പ്രസംഗിച്ചതിന് പിന്നാലെ മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങുകയുമായിരുന്നു.അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡോ.പി.എസ്.പ്രമോജ് ശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അതിഥികളായി പട്ടികയിലുണ്ടായിരുന്നു.പരിപാടിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറഞ്ഞതും മന്ത്രിയെ ചൊടിപ്പിച്ചു.
കെഎസ്ആര്‍ടിസിയാണ് ഒരു പരിപാടി വച്ചിരുന്നതെങ്കില്‍ എല്ലാവരും എത്തിയേനെ.നിലവില്‍ ഇവിടെയുള്ളത് തന്റെ പാര്‍ട്ടിക്കാരും കുറച്ച് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ കൊട്ടരത്തിന് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ടൈല്‍ പൊട്ടിപ്പോകുമെന്നും അതിനാലാണ് വാഹനങ്ങള്‍ അവിടെ ഇടാഞ്ഞതെന്നും അധികൃതര്‍ പറഞ്ഞു.















