തിരുവനന്തപുരം: രാജ്ഭവന്‍ പുറത്തിറക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ പ്രകാശനച്ചടങ്ങ് സൗഹൃദവും വിയോജിപ്പും ഒന്നിച്ച വേദിയായി.
പ്രകാശനത്തിന് രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണമാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഒരുക്കിയത്. ഇരുവരും കൈകൊടുത്തതോടെ സൗഹൃദാന്തരീക്ഷമായി.
ചടങ്ങിലേക്ക് ശശി തരൂര്‍ എംപിയുമെത്തി. ഉദ്ഘാടനത്തിനായി ആദ്യം നിലവിളക്ക് തെളിയിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചപ്പോള്‍ മുഖ്യമന്ത്രി ചെറുപുഞ്ചിരിയോടെ നിരസിച്ചു. ഗവര്‍ണറോട് തെളിയിക്കാന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ നിര്‍ബന്ധിച്ചതോടെ മുഖ്യമന്ത്രിതന്നെ വിളക്കു കൊളുത്തി. ആദ്യപതിപ്പ് ശശി തരൂരിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
പ്രസംഗത്തില്‍ രാജഹംസിന്റെ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണറുടെയും നിയമസഭയുടെയും അധികാരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന, ഗവര്‍ണറുടെ നിയമോപദേഷ്ടാവ് അഡ്വ. ശ്രീകുമാര്‍ എഴുതിയ ആര്‍ട്ടിക്കിള്‍ 200 ആന്‍ഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ കൊണണ്‍ഡ്രം (Article 200 and a Constitutional Conondrum) എന്ന ലേഖനത്തോടാണ് മുഖ്യമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയത്.
ഈ വിയോജിപ്പിന് ഗവര്‍ണര്‍ മറുപടിക്കു മുതിര്‍ന്നില്ല. മുഖ്യമന്ത്രിയുടെയും ശശി തരൂരിന്റെയും പ്രവര്‍ത്തനശേഷിയെ പ്രകീര്‍ത്തിച്ചാണ് ഗവര്‍ണര്‍ സംസാരിച്ചത്. ദല്‍ഹിയില്‍ നിന്ന് പുലര്‍ച്ചെ എത്തിയ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തതിന് നന്ദിയും അറിയിച്ചു. ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് ചിന്തകളെ തച്ചുടച്ച് രാജ്ഭവനുകളെ ലോക്ഭവനുകളാക്കുന്നതിനുള്ള ആദ്യ ചുവടുവയ്‌പ്പാണ് രാജഹംസ് മാസികയെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ശ്രീപദ്മനാഭന്റെ അനന്തശയനം വിഗ്രഹ മാതൃകയാണ് ഗവര്‍ണര്‍ സമ്മാനിച്ചത്.
എന്‍ഐആര്‍എഫ് റാങ്ക് നേടിയ കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, കുസാറ്റ് വിസി ഡോ. ജുനൈദ് ബുഷ്രി എന്നിവരെ ചടങ്ങില്‍ ഗവര്‍ണര്‍ ആദരിച്ചു. ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദൊദാവത്, ഒഎസ്ഡി ഹരി.എസ്. കര്‍ത്ത എന്നിവര്‍ സംസാരിച്ചു. ചടങ്ങിനുശേഷമുള്ള ചായസത്കാരത്തിലും മുഖ്യമന്ത്രി പങ്കെടുത്തു.














