പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം കൊണ്ട് പ്രത്യക്ഷത്തില്‍ അനുഭവവേദ്യമാകുന്ന വ്യക്തിപ്രഭാവവും സംഘാടകത്വത്തിലൂന്നിയ അദ്ദേഹത്തിന്റെ നേതൃശേഷിയും പ്രശംസയ്‌ക്ക് പാത്രമാകാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദൃശ്യമാകുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രൊഫഷണലിസം അത്രയധികം ചര്‍ച്ച ചെയ്യപ്പെടാത്തതും മനസ്സിലാക്കപ്പെടാത്തതുമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായും ഭാരത പ്രധാനമന്ത്രിയായും കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തുടരുന്ന അത്യന്തം പ്രൊഫഷണലായ കര്‍മ്മ നൈതികതയുടെ പരിണാമം കൂടിയാണത്.
അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് കണ്ടു മനസ്സിലാക്കാനുള്ള കഴിവ് മാത്രമല്ല, മറിച്ച് കണ്ടു മനസ്സിലാക്കുന്ന കാര്യങ്ങളെ ഈടുറ്റ സംവിധാനങ്ങളായി പരിവര്‍ത്തനം ചെയ്യാന്‍ പോന്ന അച്ചടക്ക സമീപനമാണ്. അതിനാല്‍ അദ്ദേഹത്തെ കര്‍മ്മ യോഗി എന്ന് വിശേഷിപ്പിക്കാം: കര്‍ത്തവ്യബോധത്തില്‍ അടിയുറച്ച പ്രവര്‍ത്തനം, അടിസ്ഥാനപരമായ പരിവര്‍ത്തനം എന്ന മാനദണ്ഡത്താല്‍ മാത്രം വിലയിരുത്തപ്പെടുന്ന പ്രവര്‍ത്തനം.
ഈ വര്‍ഷം ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ആധാരമായി വര്‍ത്തിച്ചതും ആ നൈതികതയാണ്. നേട്ടങ്ങളുടെ കണക്കുപുസ്തകം എന്നതിലുപരി സഹകരിച്ചു മുന്നേറുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിയാണ് ആ പ്രസംഗം മുന്നോട്ടു വച്ചത്: വികസിത ഭാരതത്തിന്റെ സഹ-രചയിതാക്കളായി പൗരന്മാരെയും ശാസ്ത്രജ്ഞരെയും സ്റ്റാര്‍ട്ടപ്പുകളെയും സംസ്ഥാനങ്ങളെയും അദ്ദേഹം ക്ഷണിച്ചു. സങ്കീര്‍ണമായ സാങ്കേതികവിദ്യ, പരിസ്ഥിതി സൗഹൃദ വികസനം, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖല എന്നീ മേഖലകളിലെ അഭിലാഷങ്ങള്‍ ഇതെല്ലാം പ്രായോഗിക പരിപാടികളാണ്.
സംസ്ഥാനങ്ങളും സംരംഭക തത്പരരായ ജനതയും ഒന്നിക്കുന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലയില്‍ ജന്‍ ഭാഗിദാരി അഥവാ ജനപങ്കാളിത്തത്തെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
ചരക്ക് സേവന നികുതി ഘടനയുടെ സമീപകാല ലളിതവത്ക്കരണം പ്രതിഫലിപ്പിക്കുന്നതും ഈ സമീപനമാണ്. നികുതി സ്ലാബുകള്‍ വെട്ടിച്ചുരുക്കിയും തര്‍ക്കങ്ങള്‍ പരിഹരിച്ചും ചെറുകിട സംരംഭങ്ങള്‍ക്കുള്ള അനുവര്‍ത്തന ചെലവുകള്‍ കുറച്ചും ഗുണഫലങ്ങള്‍ അതിവേഗം കുടുംബങ്ങള്‍ക്ക് കൈമാറുന്നതില്‍ ജിഎസ്ടി കൗണ്‍സില്‍ വിജയിച്ചു. അമൂര്‍ത്തമായ വരുമാനക്കണക്കുകളിലല്ല, മറിച്ച് സാധാരണ പൗരന്മാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും മാറ്റങ്ങളുടെ ഗുണഫലങ്ങള്‍ അതിവേഗം അനുഭവവേദ്യമാകുന്നുണ്ടോ എന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ. ജി എസ് ടി കൗണ്‍സിലിനെ മുന്നോട്ടു നയിക്കുന്ന സഹകരണ ഫെഡറലിസത്തിലും ഈ സഹജാവബോധം പ്രതിധ്വനിക്കുന്നു: അവിടെ കേന്ദ്രവും സംസ്ഥാനങ്ങളും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. തര്‍ക്കങ്ങള്‍ തടസ്സങ്ങളായി മാറുന്നതൊഴിവാക്കി, സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട്, ഒരു വ്യവസ്ഥാപിത സംവിധാനത്തിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു. നയങ്ങളെ കടലാസിലുറങ്ങുന്ന അപ്രായോഗിക ആശയങ്ങളായി കണ്ട് അവഗണിക്കുന്ന ശൈലിക്ക് പകരം, സചേതനമായ ഉപാധിയായി അവയെ പരിഗണിക്കുകയും, സമ്പദ്വ്യവസ്ഥയുടെ താളത്തിനനുസൃതമായി ക്രമീകരിക്കുകയും ചെയ്യുന്നു.
യുഎസില്‍ നിന്നുള്ള 15 മണിക്കൂര്‍ നീണ്ട വിദേശ യാത്രയ്‌ക്ക് ശേഷം രാത്രി വളരെ വൈകിയാണ് എത്തിയതെങ്കിലും, മുന്‍കൂട്ടി അറിയിക്കാതെ അന്ന് നിര്‍മ്മാണത്തിലിരുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അദ്ദേഹം എത്തിയതിന്റെ കാരണം ആ പ്രൊഫഷണലിസമാണ്.
പ്രധാനമന്ത്രിയുമായി പതിനഞ്ച് മിനിറ്റ് സമയം അനുവദിക്കണമെന്ന് ഞാന്‍ അടുത്തിടെ അഭ്യര്‍ത്ഥിച്ചു. ആ ചര്‍ച്ചയില്‍ അദ്ദേഹം ഉന്നയിച്ച ഘടനാപരമായ വിശകലനങ്ങളും ബഹുമുഖമായ മാനങ്ങളും എന്നെ ആകര്‍ഷിച്ചു – സൂക്ഷ്മ വിശദാംശങ്ങളും വിശാല സാധ്യതകളും ഒറ്റ ഫ്രെയിമില്‍ അദ്ദേഹം വിളക്കിച്ചേര്‍ത്തു. നാല്‍പ്പത്തിയഞ്ച് മിനിറ്റ് നീണ്ട ഒരു യോഗമായി അത് മാറി. കുറിപ്പുകള്‍, ഡാറ്റകള്‍, വാദമുഖങ്ങള്‍ എന്നിവ തയ്യാറാക്കാനും വായിക്കാനും അദ്ദേഹം രണ്ട് മണിക്കൂറിലധികം ചെലവഴിച്ചതായി സഹപ്രവര്‍ത്തകര്‍ പിന്നീട് പറഞ്ഞു. അത്തരത്തിലുള്ള കൃത്യമായ ഗൃഹപാഠം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല; സ്വയം സജ്ജമാവുന്നതില്‍ മാത്രമല്ല മൊത്തം ഭരണ നിര്‍വ്വഹണ സംവിധാനത്തില്‍ നിന്ന് അദ്ദേഹം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തന മാനദണ്ഡം കൂടിയാണത്. അദ്ദേഹം കൈക്കൊള്ളുന്ന തീരുമാനങ്ങളെ ദൃഢവും ഭാവി സജ്ജവുമാക്കി മാറ്റുന്നത് നിരന്തരമായ ഈ തയ്യാറെടുപ്പാണ്.
ഭാരതത്തിന്റെ സമീപകാല പുരോഗതിയുടെ സിംഹഭാഗവും പൗരന്മാരുടെ അന്തസ്സ് ഉറപ്പാക്കുന്ന സഹായങ്ങളിലും സംവിധാനങ്ങളിലുമൂന്നിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കാണാം. ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനങ്ങള്‍, സാര്‍വത്രിക ബാങ്ക് അക്കൗണ്ടുകള്‍, പണം കൈമാറ്റത്തിനുള്ള തത്സമയ സംവിധാനങ്ങള്‍ എന്നിവയടങ്ങിയ ത്രിത്വം സര്‍വ്വാശ്ലേഷിത്വത്തെ അടിസ്ഥാന സൗകര്യങ്ങളാക്കി പരിണമിപ്പിച്ചു. ആനുകൂല്യങ്ങളിപ്പോള്‍ നേരിട്ട് സാധാരണ പൗരന്മാരിലേക്ക് കുത്യതയോടെ എത്തുന്നു; മുന്‍കൂട്ടിയുള്ള ആസൂത്രണ പ്രകാരം ചോര്‍ച്ച പരമാവധി ചുരുങ്ങുന്നു; ചെറുകിട ബിസിനസുകള്‍ക്ക് ആവശ്യാനുസരണം സാമ്പത്തിക സഹായം ലഭ്യമാകുന്നു; ആഖ്യാനങ്ങളെക്കാള്‍ ഡാറ്റയിലൂന്നിയാണ് നയങ്ങള്‍ ആവിഷ്‌കരിക്കപ്പെടുന്നത്. അങ്ങനെ അന്ത്യോദയ – ഏറ്റവും അവസാനത്തെ പൗരന്റെയും ഉന്നതി- ഒരു മുദ്രാവാക്യമെന്നതിലുപരി മാനദണ്ഡമായി മാറുന്നു – പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന ഓരോ പദ്ധതിയുടെയും പരിപാടിയുടെയും ഫയലുകളുടെ മാനദണ്ഡവും ഏറ്റവും അവസാനത്തെ പൗരന്റെ ഉന്നതി ആയി മാറിയിരിക്കുന്നു.
ഭാരതത്തിലെ ആദ്യത്തെ മുള അധിഷ്ഠിത 2ഏ എഥനോള്‍ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ അസമിലെ നുമലിഗഡില്‍ ഇത് വീണ്ടും കാണാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചു. എഞ്ചിനീയര്‍മാര്‍, കര്‍ഷകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരോടൊപ്പമുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രിയുടെ ചോദ്യങ്ങള്‍ കുറിക്കു കൊള്ളുന്നവയായിരുന്നു: കര്‍ഷകരുടെ ലഭിക്കേണ്ട പണം അന്നേ ദിവസം തന്നെ എങ്ങനെ കൈമാറും; ജനിതക എഞ്ചിനീയറിങ്ങിലൂടെ വേഗത്തില്‍ വളരുന്ന മുള സൃഷ്ടിക്കാനും മുട്ടുകള്‍ക്കിടയിലെ മുളയുടെ തണ്ടിന്റെ നീളം വര്‍ദ്ധിപ്പിക്കാനും കഴിയുമോ; നിര്‍ണായക എന്‍സൈമുകള്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ കഴിയുമോ; മുളയുടെ എല്ലാ ഘടകങ്ങളും – തണ്ട്, ഇല, അവശിഷ്ടങ്ങള്‍ അടക്കമുള്ളവ – എഥനോള്‍, ഫര്‍ഫ്യൂറല്‍, പരിസ്ഥിതി സൗഹൃദ അസറ്റിക് ആസിഡ് വരെ – സാമ്പത്തികമായി പ്രയോജനപ്പെടുത്തുന്നുണ്ടോ? ചര്‍ച്ച സാങ്കേതികവിദ്യയില്‍ മാത്രം ഒതുങ്ങി നിന്നില്ല. അത് ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി, ആഗോള കാര്‍ബണ്‍ ബഹിര്‍ഗമന ലക്ഷ്യങ്ങള്‍ എന്നിവയിലേക്ക് വ്യാപിച്ചു. അന്താരാഷ്‌ട്ര ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഒരാളെന്ന നിലയില്‍, തല്‍ക്ഷണം ഞാന്‍ ഇതെല്ലം തിരിച്ചറിഞ്ഞു: ആ ശൃംഖലയിലെ അവസാനത്തെ വ്യക്തി ആദ്യ ഗുണഭോക്താവാകണമെന്ന നിര്‍ബന്ധം ആ സംക്ഷിപ്തത, വ്യക്തത, വിശദാംശങ്ങളിലെ കൃത്യത എന്നിവയില്‍ നിന്ന് സംഗ്രഹിക്കാം.
ആ വ്യക്തതയാണ് ഭാരതത്തിന്റെ സാമ്പത്തിക നയരൂപീകരണത്തെ മുന്നോട്ട് നയിക്കുന്നത്. ഊര്‍ജ്ജ മേഖലയില്‍, വൈവിധ്യമാര്‍ന്ന വിതരണക്കാരുടെ കൂട്ടായ്‌മയും ശാന്തവും ഉറച്ചതുമായ സംഭരണ നയങ്ങളും അസ്ഥിരമായ കാലത്തു പോലും നമ്മുടെ താത്പര്യങ്ങള്‍ സുരക്ഷിതമാക്കി. വിദേശത്ത് നടക്കുന്ന ചര്‍ച്ചകളില്‍ ഒന്നിലധികം തവണ, ഞാന്‍ വളരെ ലളിതമായ ഒരു സന്ദേശമാണ് മുന്നോട്ടു വയ്‌ക്കാറുള്ളത്: സുരക്ഷിതമായ വിതരണ സംവിധാനങ്ങള്‍, താങ്ങാനാവുന്ന വില, ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം. ആ വ്യക്തത മാനിക്കപ്പെട്ടു, അതിന്റെ ഫലമായി ചര്‍ച്ചകള്‍ കൂടുതല്‍ സുഗമമായി മുന്നോട്ട് പോയി.
യാതൊരുവിധ നാടകീയതയുമില്ലാതെയാണ് ദേശസുരക്ഷയെ സമീപിച്ചിക്കുന്നത്. ദൃഢനിശ്ചയത്തോടെയും സംയമനത്തോടെയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോ
കുന്നു – വ്യക്തമായ ലക്ഷ്യം, സേനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം, നിരപരാധികളുടെ സംരക്ഷണം – ശബ്ദകോലാഹലങ്ങളെക്കാള്‍ വിശ്വാസ്യതയ്‌ക്ക് പ്രാധാന്യം. മുന്നോട്ടു നയിക്കുന്ന ധാര്‍മ്മിക തത്വം: കഠിനാധ്വാനം ചെയ്യുക, ഗുണഫലങ്ങള്‍ സംസാരിക്കട്ടെ.
ഈ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നില്‍ ഒരു വ്യതിരിക്തമായ പ്രവര്‍ത്തന ശൈലിയുണ്ട്. ചര്‍ച്ചകള്‍ ആദരവില്‍ ഊന്നിയതാണ്, പക്ഷേ വിട്ടുവീഴ്ചയില്ലാത്തതാണ്; വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സ്വാഗതം ചെയ്യപ്പെടുന്നു, എന്നാല്‍ അടിസ്ഥാന കാര്യങ്ങളില്‍ നിന്നുള്ള വ്യതിചലനം സ്വാഗതം ചെയ്യപ്പെടുന്നില്ല.
എല്ലാവരെയും കേട്ടതിനുശേഷം, അത്യാവശ്യ ബദലുകളുള്‍പ്പെടുത്തി സമാഹാരത്തെ ചുരുക്കുകയും, ഉത്തരവാദിത്തം ഏല്‍പ്പിക്കുകയും വിജയം സാധ്യമാക്കുന്ന പദ്ധതി നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഏറ്റവും ഉച്ചത്തിലുള്ള വാദമല്ല, ഏറ്റവും മികച്ച വാദം നിലനില്‍ക്കുന്നു; തയ്യാറെടുപ്പിന് പ്രതിഫലം ലഭിക്കുന്നു;
തുടര്‍ നടപടികള്‍ക്ക് നൈരന്തര്യമുണ്ട്. സഹപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം, എങ്ങനെയാണ് തയ്യാറെടുക്കേണ്ടത് എന്നത് സംബന്ധിച്ച പരിശീലനമാണത്; മൊത്തം സംവിധാനത്തെയും സംബന്ധിച്ചിടത്തോളം, ഗുണഫലങ്ങള്‍ സുനിശ്ചിതമാക്കുകയും അനുമാനിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സംസ്‌കാരമാണത്.
ദേവശില്പിയുടെ ജന്മദിനമായ വിശ്വകര്‍മ ജയന്തി ദിനമാണ് പ്രധാനമന്ത്രിയുടെയും ജന്മദിനം എന്നത് യാദൃച്ഛികമല്ല. ഇത് കേവലമായ സാദൃശ്യം എന്നതിലുപരി ആശയപരമാണ്: പൊതുജീവിതത്തില്‍ ശാശ്വതമായി നിലനില്‍ക്കുന്നത് സ്ഥാപനങ്ങള്‍, പ്ലാറ്റ്ഫോമുകള്‍, മാനദണ്ഡങ്ങള്‍ എന്നിവയാണ്.. പൗരനെ സംബന്ധിച്ചിടത്തോളം, പ്രകടനം എന്നത് കൃത്യസമയത്ത് ലഭിക്കുന്ന നേട്ടവും അതിന് കൊടുക്കേണ്ടി വരുന്ന ന്യായമായ വിലയുമാണ്; സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം , അത് നയ വ്യക്തതയും വികസനത്തിനുള്ള വിശ്വസനീയമായ പാതയുമാണ്; രാജ്യത്തെ സംബന്ധിച്ചിടത്തോളം, സമ്മര്‍ദ്ദത്തില്‍ പിടിച്ചുനില്‍ക്കുകയും ഉപയോഗത്തിലൂടെ മെച്ചപ്പെടുകയും ചെയ്യുന്ന സംവിധാനങ്ങളാണ്. അതാണ് നരേന്ദ്ര മോദിയെ വിലയിരുത്തേണ്ട മാനദണ്ഡം; ഭാരത ചരിത്രത്തിന്റെ തുടര്‍ അധ്യായങ്ങള്‍ രൂപപ്പെടുത്തുന്ന, പ്രകടനപരതയ്‌ക്കുപരി, സേവനത്തിന് പ്രാധാന്യം നല്‍കുന്ന ഒരു കര്‍മ്മയോഗി എന്ന നിലയിലാണ് അദ്ദേഹം വിലയിരുത്തപ്പെടേണ്ടത്.
















