സര്‍വദുഃഖ ഹരേ, സര്‍വ്വദുഷ്ട ഭയങ്കരി എന്നാണ് ലോകമാതാവായ മഹാലക്ഷ്മിയെ നാം വാഴ്‌ത്തുന്നത്. നല്ല വാക്കോതുവാന്‍ ത്രാണി ഉണ്ടാകണം എന്ന് വാഗ്‌ദേവതയോട് അപേക്ഷിക്കാറുമുണ്ട്. നല്ല വാക്ക്, നല്ല ചിന്ത, നല്ല ബുദ്ധി ഇവയെല്ലാം പ്രാപ്തമാക്കാന്‍ നമ്മുടെ അകക്കണ്ണ് തുറക്കണം. കുരുടന് കാഴ്ച നല്‍കാന്‍, മൂകനു നാദമേകാന്‍, തളര്‍ന്നു വീഴുമ്പോള്‍ കൈ പിടിച്ചുയര്‍ത്താന്‍, അശാന്തിയും സങ്കടങ്ങളും മായ്ച്ചു കളഞ്ഞു ലോകസംരക്ഷണാര്‍ത്ഥം വര്‍ത്തിക്കുവാന്‍ ജഗദംബികയുടെ അനുഗ്രഹം കൂടിയേ കഴിയൂ.
ഋഗ്വേദ കാലം മുതല്‍ക്കേ ഭാരതം പിന്തുടരുന്ന മാതൃപൂജ, അനുഗ്രഹമുദ്ര ചൊരിയുന്ന ജഗദീശ്വരിയുടെ ഉത്സവം നമ്മില്‍ പുതിയ ഉന്മേഷം പകരട്ടേ. അതു സമൂഹനന്മക്കായി പരിവര്‍ത്തിപ്പിക്കപ്പെടട്ടെ.
നവരാത്രി ഉത്സവത്തോടനുബന്ധിച്ചു മനസ്സില്‍ ഓടിയെത്തുന്നത് കൊല്ലൂര്‍ മൂകാംബികാദേവിയുടെ സവിധമാണ്. കേരളത്തില്‍ നിന്നുള്‍പ്പെടെ ജാതിമത ഭേദമില്ലാതെ ഒന്നായി അമ്മയുടെ അനുഗ്രഹം തേടി സൗപര്‍ണികയില്‍ കുളിച്ച് മനസ്സും ശരീരവും അര്‍പ്പിച്ച് അമ്മയുടെ സന്നിധാനത്തിലെത്തുന്നു. നമ്മുടെ കൊച്ചു കേരളത്തിലും സരസ്വതീ ക്ഷേത്രങ്ങള്‍ ഉണ്ട്. അവയില്‍ പലതിന്റെയും ഐതിഹ്യം കൊല്ലൂര്‍ മൂകാംബിക ദേവിയുമായി ബന്ധപ്പെട്ടതാണുതാനും. നവരാത്രി നാളുകളില്‍ ഏറെ ഭക്തജനങ്ങള്‍ എത്തുന്ന ഈ ക്ഷേത്രങ്ങളില്‍ സാധാരണ ദിവസങ്ങളില്‍ വലിയ തിരക്കുണ്ടാവാറില്ല. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സരസ്വതീ ക്ഷേത്രങ്ങളില്‍ ഒന്നാണ് ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട്ട് സരസ്വതി ക്ഷേത്രം.
കോട്ടയം ജില്ലയിലെ പനച്ചിക്കാട് ഗ്രാമത്തില്‍, (എംസി റോഡില്‍ ചിങ്ങവനം ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ടു തിരിഞ്ഞു ഞാലിയാകുഴി വാകത്താനം റോഡിലൂടെ പോയി പരുത്തുംപാറ ജംഗ്ഷനില്‍ നിന്ന് ക്ഷേത്രത്തിലേക്കു പോകാം). ഈ ക്ഷേത്രത്തിനു പ്രത്യേകതകള്‍ ഏറെ ഉണ്ട്. ഇവിടെ ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രമുണ്ട്. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും സരസ്വതീദേവിയുടെ നാമത്തിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയുള്ള സരസിലാണ് മൂകാംബികാ സാന്നിധ്യമുള്ള സരസ്വതീ പ്രതിഷ്ഠയുള്ളത്.
ഗണപതി, ശിവന്‍, അയ്യപ്പന്‍, നാഗദൈവങ്ങള്‍, ബ്രഹ്‌മരക്ഷസ്സ്, യക്ഷി എന്നിവര്‍ക്കും ഇവിടെ പ്രതിഷ്ഠയുണ്ട്. ഏതു കൊടിയ വേനലിലും വാടുകയോ ഒരിക്കലെങ്കിലും പൂ്ക്കുകയോ ചെയ്യാത്ത സരസ്വതീലതയുടെ വള്ളിപ്പടര്‍പ്പിനുള്ളിലാണ് പരശുരാമപ്രതിഷ്ഠിതമെന്നു കരുതുന്ന സരസ്വതീദേവിയുടെ മൂലവിഗ്രഹമുള്ളത്. എന്നാല്‍ ഈ വിഗ്രഹത്തിന് അഭിമുഖമായി സരസില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിവിഗ്രഹത്തിലാണ് നിത്യപൂജകള്‍. മൂകാംബിയില്‍ ഭജനമിരുന്ന വൈദികശ്രേഷ്ഠനൊപ്പം ഓലക്കുടയിലേറി വന്ന മൂകാംബികാ ദേവിയാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് ഐതിഹ്യം. സരസ്സിലിരിക്കുന്നതിനാല്‍ തന്നെ സരസ്വതിക്കു ശ്രീകോവിലോ നാലമ്പലമോ ഇല്ല. ആദ്യകാലങ്ങളില്‍ മൂലവിഗ്രഹം ദര്‍ശനീയമായിരുന്നെങ്കിലും ഇപ്പോള്‍ അതു നേരിട്ട് കാണാന്‍ കഴിയുകയില്ല. വേനല്‍ക്കാലത്തും വര്ഷകാലത്തുമെല്ലാം സരസ്വതീപ്രതിഷ്ഠയുള്ള സരസിലെ ഉറവ ഏറുകയോ കുറയുകയോ ചെയ്യുന്നല്ലെന്നതും ഇവിടുത്തെ പ്രത്യേകതയും ഏവരെയും അതിശയിപ്പിക്കുന്ന കാര്യവുമാണ്. സരസ്വതീസരസ്സിനു തെക്കുപടിഞ്ഞാറുമാറി ഒരു കുളമുണ്ട്. സരസ്സില്‍ നിന്നോഴുകുന്ന ജലം ഈ ക്ഷേത്രക്കുളത്തിലേക്കാണ് എത്തുന്നതെങ്കിലും ഈ കുളത്തിലും എന്നും ഒരേ ജലനിരപ്പ് ആണെന്നതും അത്ഭുതകരമാണ്.
ഒരു സഹസ്രാബ്ദത്തിലേറെ പഴക്കം അവകാശപ്പെടാനുണ്ട് ഈ ക്ഷേത്രത്തിന്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയില്‍ ക്ഷേത്രത്തെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഈ ക്ഷേത്രത്തിലെ വള്ളിപ്പടര്‍പ്പുകളില്‍ പോലും മൂകാംബികാ കടാക്ഷം ഉണ്ടെന്നതിനാല്‍ ആരും സരസ്വതീലത നുള്ളുകയോ ഇല പറിക്കുകയോ ഒന്നും ചെയ്യില്ല.
നവരാത്രി കാലത്തു കലാകാരന്മാരും സാഹിത്യകാരന്മാരും നവരാത്രി നാളുകളില്‍ സരസ്വതീ മണ്ഡപത്തിലെത്തി കലാപരിപാടികള്‍ അവതരിപ്പിച്ച് അമ്മയുടെ അനുഗ്രഹം തേടുന്നു. അര്‍പ്പണബുദ്ധിയോടെ ഈ സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ശരീരം, വാക്ക്, മനസ്സ് എന്നിവയെ പാകപ്പെടുത്തി എടുക്കാം. നൃത്തം, സംഗീതം, കരകൗശലം, അക്ഷരം, സാഹിത്യം, ബുദ്ധിശക്തി എന്നിവ സരസ്വതീദേവിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്നത് ഭക്തര്‍ക്ക് അനുഭവവേദ്യമായ കാര്യമാണ്.
എല്ലാവര്‍ക്കും എപ്പോഴും മൂകാംബിക ദേവിയെ കൊല്ലൂരില്‍ പോയി കണ്ടു വണങ്ങാന്‍ സാധിക്കണമെന്നില്ല. അമ്മയുടെ വിളി ഉണ്ടായാല്‍ മാത്രമേ അവിടേക്കെത്താന്‍ കഴിയുകയുള്ളു. ഈ സാഹചര്യത്തില്‍ മൂകാംബികാദേവിയെപ്പോലെ അഭീഷ്ട വരദായിനിയായ പനച്ചിക്കാട്ടമ്മയുടെ സവിധത്തിലെത്തി ഭക്തര്‍ക്കു സരസ്വതീകടാക്ഷത്തിനു പാത്രമാകാം. അക്ഷരഗംഗയില്‍ നീരാടി ഭക്ത വിശ്വാസത്തോടെ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന പനച്ചിക്കാട്ടമ്മയുടെ അനുഗ്രഹം ഈ നവരാത്രിനാളുകളില്‍ നമുക്ക് നേടാം.
അമ്മേ നാരായണ! ദേവി നാരായണ!
ലക്ഷ്മി നാരായണ! ഭദ്രേ നാരായണ!
















