പത്തനംതിട്ട: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ അനധികൃത നിയമന വാര്‍ത്ത പുറത്തായതോടെ വിവിധ വകുപ്പുകളില്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങളും വന്‍തോതില്‍ നടത്തിയ കരാര്‍ നിയമനങ്ങളും സ്ഥിരപ്പെടുത്താന്‍ ഊര്‍ജിത നീക്കം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഷ്‌ട്രീയ താത്പര്യത്തില്‍ നടത്തിയ കരാര്‍- ദിവസ വേതന ജോലിക്കാരെ ഉടന്‍ സ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇങ്ങനെ നിയമനം നേടി ജോലി ചെയ്യുന്നവരെല്ലാം സിപിഎം അനുഭാവികളോ പ്രവര്‍ത്തകരോ ആണ്.
ഇതിനായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ കരാര്‍ ജോലി ലഭിച്ചവരുടെ വിവര ശേഖരണം നടത്തുകയാണ് സര്‍ക്കാര്‍. കരാര്‍ അടിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി നോക്കുന്നത് സാംസ്‌കാരിക വകുപ്പിലാണ്. ഇവിടെ സ്ഥിരപ്പെടുത്തേണ്ടവരുടെ ലിസ്റ്റുകള്‍ ഇതിനോടകം സര്‍ക്കാരിനു കൈമാറി കഴിഞ്ഞു. ഉടന്‍ പട്ടിക കൈമാറണമെന്ന് മറ്റു വകുപ്പ് മേധാവികള്‍ക്കും കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കിയിരുന്ന അഞ്ഞൂറോളം പേരെ മന്ത്രിസഭ തീരുമാനപ്രകാരം സ്ഥിരപ്പെടുത്തിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമൊഴിയും മുമ്പ് ഇതിലേറെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
















