ന്യൂദൽഹി: അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസിൽ ആം ആദ്മി പാർട്ടി നേതാവും ദൽഹി മുൻ ആരോഗ്യ മന്ത്രിയുമായ സത്യേന്ദർ ജെയിനിന്റെ 7.4 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതോടെ, ആകെ 12 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇയാളുടെ കണ്ടുകെട്ടിക്കഴിഞ്ഞു.
സെപ്തംബർ 15-ന് പ്രത്യേക റൗസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കേസ് സംബന്ധിച്ച് വെളിപ്പെടുത്തിയ ഇഡി, അയാളുടെ കൂട്ടാളികളുടെയും ഷെൽ സ്ഥാപനങ്ങളുടെയും പേരിൽ സ്വത്തുക്കൾ സമ്പാദിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ ജെയിനിനെതിരെ മറ്റൊരു സപ്ലിമെന്ററി പ്രോസിക്യൂഷൻ പരാതി (കുറ്റപത്രം) ഫയൽ ചെയ്യുമെന്ന് അറിയിച്ചു. ജെയിനിന്റെയും ഭാര്യയുടെയും സ്വത്തുക്കളാണിതെന്ന് ഏജൻസി വാദിച്ചു.
ആരോപിക്കപ്പെടുന്ന ഇടപാടുകളിൽ ഭൂരിഭാഗവും ജെയിൻ മന്ത്രിയായിരുന്ന കാലത്താണെന്ന് ഇഡി പറഞ്ഞു. കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി കേന്ദ്രം ആവിഷ്‌കരിച്ച വരുമാന വെളിപ്പെടുത്തൽ പദ്ധതി (ഐഡിഎസ്) സമയത്ത് അദ്ദേഹത്തിന്റെ രണ്ട് അടുത്ത അനുയായികളായ അങ്കുഷ് ജെയിനും വൈഭവ് ജെയിനും 16.5 കോടി രൂപയുടെ ബിനാമി സ്വത്തുക്കൾ വെളിപ്പെടുത്തിയിരുന്നു.











