പാട്‌ന: ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ വിശ്വസ്തന്‍ സഞ്ജയ് യാദവിനെ ചൊല്ലി ലാലു കുടുംബത്തില്‍ പോര് മുറുകുന്നു. ലാലു യാദവിന്റെ മകള്‍ രോഹിണി ആചാര്യ സമൂഹ മാധ്യമങ്ങളിലൂടെ സഞ്ജയ് യാദവിനെതിരെ നടത്തിയ പരസ്യ വിമര്‍ശനത്തോടെ കുടുംബത്തിലെ ഭിന്നത പുറത്തു വന്നു. തേജസ്വി യാദവിന്റെ ഉപദേഷ്ടാവും രാജ്യസഭാംഗവുമാണ് സഞ്ജയ് യാദവ്.
ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കിയ തേജ് പ്രതാപ് യാദവും മുമ്പ് സഞ്ജയ് യാദവിനെതിരെ രംഗത്തു വന്നിരുന്നു. തന്നെയും സഹോദരന്‍ തേജസ്വി യാദവിനെയും തമ്മില്‍ തെറ്റിക്കുന്നത് സഞ്ജയ് യാദവാണെന്ന് തേജ് പ്രതാപ് പല തവണ പറഞ്ഞിട്ടുണ്ട്.
തേജസ്വി യാദവിന്റെ ‘ബിഹാര്‍ അധികാര്‍ യാത്ര’ യില്‍ സജ്ജീകരിച്ച വാഹനത്തിന്റെ മുന്‍ സീറ്റില്‍ സഞ്ജയ് യാദവ് യാത്ര ചെയ്യുന്ന ചിത്രം പ്രചരിച്ചതിന്റെ പേരിലാണ് രോഹിണി ആചാര്യ ഇടഞ്ഞത്. ജീവിതത്തില്‍ വന്‍ ത്യാഗങ്ങള്‍ക്കു മുതിര്‍ന്നവര്‍ക്ക് ആത്മാഭിമാനവും വലുതാണ്. മകളും സഹോദരിയുമെന്ന നിലയില്‍ എന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും രാഷ്‌ട്രീയ മോഹങ്ങളില്ലെന്നും രോഹിണി ആചാര്യ എക്‌സ് പോസ്റ്റില്‍ പറയുന്നു.
ലാലു യാദവിന്റെ വൃക്ക മാറ്റല്‍ ശസ്ത്രക്രിയയ്‌ക്കായി വൃക്കദാനം നടത്തിയ മകളാണ് രോഹിണി ആചാര്യ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. തേജ് പ്രതാപ് യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ സഹോദരിമാരായ മിസ ഭാരതിയും രോഹിണി ആചാര്യയും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
















