നരേന്ദ്ര മോദിയുടെ ഉയര്‍ച്ച പ്രത്യേകാവകാശത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടില്‍ മാത്രം വിലയിരുത്താന്‍ കഴിയുന്ന ഒന്നല്ല. രാഷ്‌ട്രീയ കുടുംബങ്ങളില്‍ വളര്‍ന്ന വിവിധ നേതാക്കളെപ്പോലെയല്ല; മറിച്ച്, മോദിയും അദ്ദേഹത്തിന്റെ നേതൃത്വശൈലിയും വളര്‍ന്നതു താഴേത്തട്ടില്‍നിന്നാണ്. അദ്ദേഹത്തിന്റെ പോരാട്ടം, അടിസ്ഥാനതലത്തിലെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാരിന്റെ വിവിധ തലങ്ങളിലുള്ള അനുഭവങ്ങള്‍ എന്നിവയാല്‍ രൂപപ്പെട്ട ഒന്നാണത്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം ഒരു മനുഷ്യന്റെ ഉയര്‍ച്ച മാത്രമല്ല; മറിച്ച്, ഭാരതത്തിലെ വരേണ്യവര്‍ഗം നയിക്കുന്ന രാഷ്‌ട്രീയാടിസ്ഥാനത്തോടുള്ള വെല്ലുവിളികൂടിയാണ്.
വഡ്നഗറിലെ ചെറിയ കുടുംബത്തില്‍ ജനിച്ച മോദിയുടെ ബാല്യകാലം ഉത്തരവാദിത്തത്താലും ലാളിത്യത്താലും അടയാളപ്പെടുത്തിയ ഒന്നാണ്. വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കുന്നതിനായി ധനശേഖരണ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതില്‍ തുടങ്ങി, സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ജാതിവിവേചനത്തെക്കുറിച്ചു നാടകം എഴുതുന്നതുവരെ, അദ്ദേഹം ചെറുപ്പത്തില്‍ തന്നെ സംഘടനാ വൈദഗ്ധ്യത്തിന്റെയും സാമൂഹ്യമായ കരുതലിന്റെയും അസാധാരണമായ സമന്വയം പ്രകടിപ്പിച്ചു. പിന്നാക്കാവസ്ഥയിലുള്ള സഹപാഠികള്‍ക്കായി, ഉപയോഗിച്ച പുസ്തകങ്ങളും യൂണിഫോമുകളും ശേഖരിക്കുന്നതിനുള്ള യജ്ഞവും അദ്ദേഹം നടത്തി. അവകാശമായി കാണാതെ സേവനത്തിന്റെ കാഴ്ചപ്പാടില്‍നിന്നു നേതൃപാടവത്തെക്കുറിച്ച് അദ്ദേഹം ആ സമയം തന്നെ ചിന്തിച്ചിരുന്നു എന്നതിന്റെ ആദ്യ സൂചനയാണിത്. ചെറുതായി തോന്നുന്ന ഈ ശ്രമങ്ങള്‍ തന്നെയാണു പിന്നീടു പൊതുജീവിതത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ച രീതിയെ സൂചിപ്പിച്ചത്.
ആര്‍എസ്എസിലാണ് മോദിയുടെ ജനപക്ഷസ്വഭാവം കൂടുതല്‍ ശക്തമായത്. സാധാരണ പ്രവര്‍ത്തകര്‍ക്കു ഗ്രാമീണരുമായി ഇടപഴകാനും, അവര്‍ ജീവിക്കുന്നതുപോലെ ജീവിക്കാനും, അവരില്‍നിന്നുള്ള വിശ്വാസം നേടാനും നിര്‍ദേശം നല്‍കിയിരുന്നു. യുവ പ്രചാരകനെന്ന നിലയില്‍ മോദി അതു കൃത്യമായി ചെയ്തു. പലപ്പോഴും ഗുജറാത്തില്‍ ബസിലോ സ്‌കൂട്ടറിലോ സഞ്ചരിക്കുകയും, ഭക്ഷണത്തിനും പാര്‍പ്പിടത്തിനും ഗ്രാമീണരെ ആശ്രയിക്കുകയും ചെയ്തു. അവരുടെ കഷ്ടപ്പാടുകളും പോരാട്ടങ്ങളും പങ്കിട്ട് അദ്ദേഹം വിശ്വാസം വളര്‍ത്തിയെടുത്തു. ഈ അച്ചടക്കം ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളോട് അടുപ്പിച്ചു. വലിയ പ്രതിസന്ധികളില്‍ ഫലപ്രദമായി നേതൃത്വം നല്‍കാന്‍ അദ്ദേഹത്തെ സജ്ജമാക്കിയതും ഇതാണ്.
1979-ല്‍ മച്ഛു അണക്കെട്ടു തകര്‍ന്ന് ആയിരക്കണക്കിനുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ വലിയ പ്രതിസന്ധിയാണുണ്ടായത്. 29 വയസുണ്ടായിരുന്ന മോദി ദ്രുതഗതിയില്‍ സന്നദ്ധപ്രവര്‍ത്തകരെ ഷിഫ്റ്റുകളായി ക്രമീകരിച്ചു. ദുരിതാശ്വാസ സാമഗ്രികള്‍ സംഘടിപ്പിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുടുംബങ്ങളെ ആശ്വസിപ്പിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം, ഗുജറാത്തിലെ വരള്‍ച്ചയ്‌ക്കിടെ, അദ്ദേഹം ‘സുഖ്ദി അഭിയാന്’ നേതൃത്വം നല്‍കി. അതു സംസ്ഥാനത്തുടനീളം വ്യാപിച്ചു. ഏകദേശം 25 കോടി രൂപയുടെ ഭക്ഷണം വിതരണം ചെയ്തു. ഈ രണ്ടു പ്രതിസന്ധികളിലും അദ്ദേഹം ഒന്നുമില്ലായ്‌മയില്‍നിന്നു വലിയ തോതിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തത, സൈനിക ശൈലിയിലുള്ള സംഘാടനം, നേതൃത്വം എന്നാല്‍ പ്രതീകാത്മകത മാത്രമല്ല, സേവനമാണെന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധം എന്നിവ ഇതു പ്രകടമാക്കി.
ഈ പ്രതിസന്ധികള്‍ ജനങ്ങളെ അണിനിരത്താനുള്ള അദ്ദേഹത്തിന്റെ കഴിവു പരീക്ഷിച്ചപ്പോള്‍, അടിച്ചമര്‍ത്തലുകള്‍ക്കു കീഴിലുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെ പരീക്ഷിച്ചത് അടിയന്തരാവസ്ഥയാണ്. വെറും 25 വയസ്സുള്ളപ്പോള്‍, ഒരു സിഖുകാരന്റെ വേഷം ധരിച്ച്, പൊലീസ് നിരീക്ഷണത്തില്‍നിന്നു മാറിനില്‍ക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള ആശയവിനിമയം അദ്ദേഹം നിലനിര്‍ത്തി. ഈ രഹസ്യശൃംഖലയാണ് ക്രൂരമായ ഭരണകൂടത്തിനെതിരായ പോരാട്ടത്തെ സജീവമാക്കിയത്. കരുത്തനായ സംഘാടകന്‍ എന്ന ഖ്യാതി നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
അതേ കഴിവുകള്‍ താമസിയാതെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കും വഴിതിരിച്ചുവിട്ടു. ഗുജറാത്ത് ബിജെപിയുടെ സംഘടനാ സെക്രട്ടറി എന്ന നിലയില്‍, രാഷ്‌ട്രീയ സംവാദങ്ങളില്‍ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ പുതിയ സമൂഹങ്ങളിലേക്ക് അദ്ദേഹം പാര്‍ട്ടിയെ വികസിപ്പിച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള നേതാക്കളെ അദ്ദേഹം വളര്‍ത്തിയെടുത്തു. താഴേത്തട്ടിലെ പിന്തുണ ഏകീകരിച്ചു. ഗുജറാത്തിലുടനീളം എല്‍.കെ. അദ്വാനിയുടെ സോമനാഥ്-അയോധ്യ രഥയാത്ര പോലുള്ള പ്രധാന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ സഹായമേകി. പിന്നീട്, വിവിധ സംസ്ഥാനങ്ങളില്‍ പ്രഭാരി (ഇന്‍-ചാര്‍ജ്) എന്ന നിലയില്‍, ബൂത്തുതലത്തില്‍ കരുത്തുറ്റ പാര്‍ട്ടിസംഘങ്ങളെ അദ്ദേഹം കെട്ടിപ്പടുത്തു.
2001-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍, മോദി ഈ പാഠങ്ങള്‍ ഭരണത്തില്‍ പ്രയോഗിച്ചു. ഉദാഹരണത്തിന്, അധികാരമേറ്റ് മണിക്കൂറുകള്‍ക്ക് ശേഷം, നര്‍മദയിലെ ജലം സബര്‍മതിയിലേക്കു കൊണ്ടുവരുന്നതു ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം യോഗം വിളിച്ചുകൂട്ടി. ഇത് അദ്ദേഹത്തിന്റെ വേഗതയേറിയ, ഉറച്ച തീരുമാനങ്ങളുള്ള, ശൈലിയെ വ്യക്തമാക്കുന്നു. ഭരണത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. പ്രവേശനോത്സവംവഴി സ്‌കൂള്‍ പ്രവേശനത്തെ പ്രോത്സാഹിപ്പിച്ചു. കന്യ കേളവാണി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചു. ഗരീബ് കല്യാണ്‍ മേളകള്‍ പൗരന്മാര്‍ക്കു ക്ഷേമമേകി. കൃഷിരഥ് കര്‍ഷകര്‍ക്കു വയലില്‍ത്തന്നെ കാര്‍ഷിക പിന്തുണ നല്‍കി. ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍നിന്നു പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും അയക്കപ്പെട്ടു. കോണ്‍ഫറന്‍സ് മുറികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഭരണമെന്നും, ജനങ്ങള്‍ വസിക്കുന്നിടത്തേയ്‌ക്ക് ഭരണത്തെ എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു.
പ്രധാനമന്ത്രിയായതോടെ ഗുജറാത്തിലെ ഈ പരീക്ഷണങ്ങള്‍ ദേശീയ മാതൃകകളായി മാറി. ശുചിത്വ യജ്ഞങ്ങളിലെ അദ്ദേഹത്തിന്റെ അനുഭവം ശുചിത്വഭാരത യജ്ഞമായി പരിണമിച്ചു. പ്രതീകാത്മകതയെ ബഹുജന പ്രവര്‍ത്തനമാക്കി മാറ്റാന്‍ അദ്ദേഹം സ്വന്തമായി ചൂല്‍ എടുത്തു. ഡിജിറ്റല്‍ ഇന്ത്യ, ജന്‍ ധന്‍ യോജന, മറ്റ് സംരംഭങ്ങള്‍ എന്നിവ ഉന്നതതല പരിപാടികളല്ല, മറിച്ച് അടിസ്ഥാനതലത്തില്‍ ചെലവഴിച്ച വര്‍ഷങ്ങളായുള്ള പഠനങ്ങളില്‍ വേരൂന്നിയ ജനകീയ പ്രസ്ഥാനങ്ങളായിരുന്നു. പൗരന്മാര്‍ നിഷ്‌ക്രിയ സ്വീകര്‍ത്താക്കളാകുന്നതിനുപകരം പങ്കാളികളാകുമ്പോള്‍ മാത്രമേ ഭരണം ഫലപ്രദമാകൂ എന്ന അദ്ദേഹത്തിന്റെ ജനപങ്കാളിത്ത തത്വശാസ്ത്രമാണ് അവയിലെല്ലാം പ്രതിഫലിച്ചത്. മോദിയെപ്പോലുള്ള നേതാവിനും ജനങ്ങള്‍ക്കും ഇടയില്‍ പതിറ്റാണ്ടുകളായി വളര്‍ത്തിയെടുത്ത ഈ വിശ്വാസമാണ് ഇന്നത്തെ ഇന്ത്യയില്‍ നയങ്ങളെ യഥാര്‍ഥ പങ്കാളിത്തമാക്കി മാറ്റിയത്.
അധികാരത്തെ ജനങ്ങളുമായി കൂട്ടിയിണക്കുന്നതിലാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ശക്തി. ഇതിലൂടെയാണ് സാധാരണ പൗരന്മാരുടെ പോരാട്ടത്തിലും മനോഭാവത്തിലും അടിയുറച്ച പുതിയ ഇന്ത്യന്‍ രാഷ്‌ട്രീയം അദ്ദേഹം കെട്ടിപ്പടുത്തത്.
















