പത്തനംതിട്ട: ചട്ടവിരുദ്ധമായി കോടികള്‍ വിലമതിക്കുന്ന ഭൂമി കൈവശപ്പെടുത്തിയതുള്‍പ്പെടെയുള്ള പരാതികളില്‍ ലോ അക്കാദമിക്കെതിരെ നടപടിയ്‌ക്ക് ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയും യുജിസിയും. അക്കാദമി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചെടുക്കണമെന്ന തന്റെ പരാതിയില്‍ നടപടികള്‍ പുരോഗമിക്കവേ സ്ഥാപനത്തിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശിയും അദ്ധ്യാപകനുമായ ജ്യോതിസ് വി.പിള്ള ലോ അക്കാദമിക്കെതിരെ ഒരു പരാതി കൂടി സമര്‍പ്പിച്ചു.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും യുജിസിയും ലോ അക്കാദമിയോട് വിശദീകരണം തേടി. ലോ അക്കാദമിക്കെതിരെ നടപടി സ്വീകരിക്കാന്‍ നിയമകാര്യമന്ത്രാലയം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു.
കോളജ് പ്രിന്‍സിപ്പാളിനും അദ്ധ്യാപകര്‍ക്കും മതിയായ യോഗ്യത ഇല്ല, ഈവനിംഗ് ബാച്ചില്‍ പഠനത്തിനെത്തുന്നവര്‍ക്കും റഗുലര്‍ ബാച്ചെന്ന നിലയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സ്ഥാപനത്തിന്റെ അഫലിയേഷന്‍ റദ്ദാക്കണമെന്ന പരാതിയില്‍.
ലോ അക്കാദമി ഡയറക്ടര്‍ അഡ്വ:നാഗരാജ് നാരായണനെതിരെ കൊച്ചി സ്വദേശി സന്തോഷ് കുമാര്‍ നല്‍കിയ പരാതികളും അന്വേഷണത്തിലാണ്. പ്രിന്‍സിപ്പല്‍ പ്രൊഫ.കെ ഹരീന്ദ്രനെ യു.ജി.സി മാനദണ്ഡങ്ങള്‍ പാലിച്ചല്ല നിയമിച്ചത്. പി.എച്ച്.ഡിയും മിനിമം 15 വര്‍ഷത്തെ ടീച്ചിംഗ്/റിസര്‍ച്ച് പ്രവര്‍ത്തി പരിചയവും അതില്‍ തന്നെ 5 വര്‍ഷം അസോസിയേറ്റ് പ്രൊഫസറോ 3 വര്‍ഷം പ്രൊഫസറോ ആയി സേവനം അനുഷ്ഠിച്ചവരെയേപ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയൂ.
അക്കാദമിക് റെക്കോര്‍ഡും യു.ജി.സി അംഗീകാരമുള്ള ജേര്‍ണലുകളില്‍ റിസര്‍ച്ച് പബ്ലിക്കേഷനും വേണമെന്നിരിക്കെ നിലവിലെ പ്രിന്‍സിപ്പലിന് ഈ യോഗ്യതകളൊന്നുമില്ല. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിലെ മുന്‍ ഉദ്യോഗസ്ഥനെന്നല്ലാതെലോ അക്കാദമി ഡയറക്ടറാന്‍ പി.എച്ച്.ഡിയോ അദ്ധ്യാപക പ്രവര്‍ത്തിപരിചയമോ നാഗരാജ് നാരായണന്റെ ബന്ധുവായ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അനില്‍കുമാറിനില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
എന്റോള്‍മെന്റ് ക്യാന്‍സല്‍ ചെയ്യാത്ത അഭിഭാഷകരാണ് ടീച്ചിംഗ് സ്റ്റാഫ്. ഇത് അഡ്വക്കേറ്റ്‌സ് ആക്ടിനും ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്.
ബാര്‍ കൗണ്‍സില്‍ ലോ കോളജുകളിലെ ഈവനിംഗ് ബാച്ച് നിര്‍ത്തലാക്കിയെങ്കിലും ലോ അക്കാദമിയില്‍ ഇപ്പോഴും ഈവനിംഗ് ബാച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
പൊലീസ് ഓഫീസര്‍മാരും ഗവ. ഉദ്യോഗസ്ഥരും, രാഷ്‌ട്രീയക്കാരും, ക്ലാസ്സ് അറ്റന്റ് ചെയ്യാതെ ഈവനിംഗ് ബാച്ചിലൂടെയാണ് കുറുക്കുവഴിയില്‍ എല്‍എല്‍ബിക്കാരാകുന്നത്.
നിയമവിദ്യാഭ്യാസത്തെ കച്ചവടമാക്കിയ അക്കാദമിയുടെ അഫിലിയേഷന്‍ അടിയന്തരമായി റദ്ദാക്കണമെന്നും ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
















