എറണാകുളം: ഹോട്ടലില്‍ കുട്ടികളോട് അപമര്യാദയായി പെരുമാറിയയാളെ പൊലീസ് അറസ്റ്റു ചെയ്തു. വടക്കന്‍ പറവൂരില്‍ ആണ് സംഭവം.വടക്കന്‍ പറവൂര്‍ സ്വദേശി അഖിലാണ് പിടിയിലായത്.
പത്തും പതിനഞ്ചും വയസുളള കുട്ടികളും അവരുടെ അച്ഛനുമാണ് ആദ്യം ഹോട്ടലില്‍ എത്തിയത്.കുട്ടികളുടെ പിതാവ് മദ്യലഹരിയിലായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ ഇയാളുടെ സുഹൃത്ത് അഖിലും അവിടെയെത്തി. ഇയാളും ലഹരി ഉപയോഗിച്ചിരുന്നെന്ന് ഹോട്ടലില്‍ എത്തിയവര്‍ പറയുന്നു. പിന്നാലെ ഹോട്ടല്‍ ജീവനക്കാരുമായും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മില്‍ വാക്കേറ്റമായി.ഇതിനിടെ കുട്ടികളിലൊരാളോട് അഖില്‍ അപമര്യാദയായി പെരുമാറിയത് കണ്ട പ്രദേശവാസികളാണ് അഖിലിനെയും കുട്ടികളുടെ പിതാവിനെയും പൊലീസില്‍ ഏല്‍പിച്ചത്.അഖിലിനെതിരെ വടക്കന്‍ പറവൂര്‍ പൊലീസ് പോക്‌സോ കേസും ചുമത്തി.
ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതിനും ഹോട്ടലിലെ സാധന സാമഗ്രികള്‍ നശിപ്പിച്ചതിനും കുട്ടികളുടെ പിതാവിനെതിരെയും കേസെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ നാട്ടുകാരില്‍ ചിലര്‍ മര്‍ദിച്ചതും പൊലീസ് പരിശോധിക്കുന്നു.
















