തിരുവനന്തപുരം: മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മസ്തിഷ്‌കമരണം നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്ക് കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 20ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ശില്‍പശാല.
സംസ്ഥാനത്തെ ഐ.സി.യുകളില്‍ മസ്തിഷ്‌കമരണം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും അതുവഴി അവയവദാന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാനും ഡോക്ടര്‍മാരെ പ്രാപ്തരാക്കുക എന്നതാണ് ശില്‍പശാല ലക്ഷ്യമിടുന്നത്. മസ്തിഷ്‌കമരണ നിര്‍ണയവുമായി ബന്ധപ്പെട്ട് 2020-ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിനും തുടര്‍ന്ന് അവയവദാനത്തിന് ബന്ധുക്കളോട് സന്നദ്ധത ആവശ്യപ്പെടുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും ശില്‍പശാലയില്‍ വിശദമായ പരിശീലനം നല്‍കും.
















