പത്തനംതിട്ട: രാജ്യത്തെ തെരഞ്ഞെടുത്ത 100 നഗരങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന സ്മാര്‍ട്ട് സിറ്റി മിഷന്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാതെ സംസ്ഥാന സര്‍ക്കാര്‍.
ഭാരതത്തിലെ 100 പ്രമുഖ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കാന്‍ 48,000 കോടി രൂപയാണ് ബജറ്റില്‍ കേന്ദ്രം വകയിരുത്തിയിരുന്നത്. ഇതില്‍ 47,459 കോടി രൂപയും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ 97% ഉപയോഗപ്പെടുത്തിയതായും കേന്ദ്ര ഭവന നഗരകാര്യസഹമന്ത്രി ടോഖാന്‍ സാഹു ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഇതിനായി 3003.2 കോടി രൂപയാണ് വകകൊള്ളിച്ചത്. കൊച്ചിയില്‍ 98 പദ്ധതികള്‍ക്കായി 1760.73 കോടി രൂപയും തിരുവനന്തപുരത്ത് 79 പദ്ധതികള്‍ക്കായി 1242.47 കോടി രൂപയും. നഗരങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, ജീവിതനിലവാരം ഉയര്‍ത്തുക, ഡാറ്റ അധിഷ്ഠിത ട്രാഫിക് മാനേജ്‌മെന്റ്-ലൈറ്റിങ് സംവിധാനങ്ങള്‍, റോഡുകളുടെ നവീകരണം, നഗരങ്ങളിലെ അഴുക്കുചാല്‍ സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയവയ്‌ക്കാണ് ഫണ്ട് അനുവദിച്ചത്.
എന്നാല്‍ വിവിധ പദ്ധതികളിലായി 161.21 കോടി രൂപ കൊച്ചിയിലും 182.61 കോടി രൂപ തിരുവനന്തപുരത്തും ഇനിയും ചെലവഴിക്കാതെ ബാക്കി നില്‍ക്കുകയാണ്. 2015-ല്‍ തുടങ്ങിയ പദ്ധതി 2025-മാര്‍ച്ചില്‍ അവസാനിച്ചു. 10 വര്‍ഷമായിരുന്നു പദ്ധതി കാലാവധി. ഇതിനുള്ളില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കേരളത്തിന് സാധിച്ചില്ല.
ഉത്തര്‍പ്രദേശ് (13 നഗരം), മഹാരാഷ്‌ട്ര-8, കര്‍ണാടക, മധ്യപ്രദേശ് (ഏഴു നഗരങ്ങള്‍ വീതം), ഗുജറാത്ത്-6, ആന്ധ്ര-4 എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങള്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ചപ്പോഴാണ് കേവലം രണ്ട് നഗരം മാത്രം തെരഞ്ഞെടുത്ത കേരളത്തിന് പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാഞ്ഞത്. പൂര്‍ത്തിയാക്കിയ ചില പദ്ധതികളില്‍ സംസ്ഥാന പദ്ധതി എന്ന നിലയില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഫ്‌ളക്‌സ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. കേന്ദ്ര പദ്ധതികള്‍ സ്വന്തം അക്കൗണ്ടിലാക്കി രാഷ്‌ട്രീയ നേട്ടം കൊയ്യാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇതാദ്യമായല്ല.
















