ന്യൂദല്‍ഹി: വിപണിമൂല്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ സോഫ്റ്റ് വെയര്‍ ഭീമനായ ഇന്‍ഫോസിസ് അവരുടെ ഓഹരികള്‍ ഓഹരിയുടമകളില്‍ നിന്നും തിരികെ വാങ്ങുന്നു.
ഓഹരികള്‍ തിരികെ വാങ്ങുന്നത് എന്തിന്?
പണലഭ്യത കൂട്ടാനും ഓഹരിയുടെ ഇപിഎസ് (ഏണിംഗ് പെര്‍ ഷെയര്‍) നിരക്ക് വര്‍ധിപ്പിക്കാനും ഈ തിരികെ വാങ്ങലിലൂടെ ഇന്‍ഫോസിസിന് സാധിക്കും. സുലഭമായ പണലഭ്യത, പ്രത്യേകിച്ച് മൂലധനച്ചെലവില്ലാത്ത സാഹചര്യം എന്നിവയും കമ്പനിയെ ഓഹരികള്‍ തിരികെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു.
10 കോടി ഓഹരികളാണ് തിരികെ വാങ്ങുന്നത്. ഈ തിരികെ വാങ്ങലിന് കമ്പനിയ്‌ക്ക് ഏകദേശം18,000 കോടി രൂപ ചെലവാകും. 1,800 രൂപ നിരക്കില്‍ 10 കോടി ഓഹരികളാണ് തിരികെ വാങ്ങുക.
ഇന്‍ഫോസിസ് ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ചാകരയാണ് ഈ ഓഫര്‍. കാരണം ഇപ്പോഴത്തെ ഇന്‍ഫോസിസ് ഓഹരിവിലയുടെ 19 ശതമാനം പ്രീമിയം നിരക്കിലാണ് ഈ തിരികെ വാങ്ങല്‍. ഇന്‍ഫോസിസിന്റെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന 26 ലക്ഷത്തോളം ഓഹരി ഉടമകൾക്ക് ഇത് നേട്ടമാകും.
ഇന്‍ഫോസിസ് ഓഹരി തിരികെ വാങ്ങലിന് യോഗ്യരായ ഓഹരി ഉടമകളെ നിര്‍ണ്ണയിക്കുന്ന റെക്കോര്‍ഡ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഹരി തിരികെ വാങ്ങല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നോ നാലോ മാസമെടുത്തേക്കും.
















