ന്യൂദൽഹി : ഏഷ്യാ കപ്പിലെ മത്സരത്തില്‍ ഇന്ത്യന്‍ ടീം എതിരാളികളായ പാകിസ്താന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ മടങ്ങിയതില്‍ വിമര്‍ശനവുമായി പ്രശസ്ത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. ക്രിക്കറ്റ് മാച്ചിന് ശേഷം ഹസ്തദാനംചെയ്യാതിരുന്നത് ബാലിശം മാത്രമല്ല, അപമാനകരമാണെന്നും പട്‌വര്‍ധന്‍ അഭിപ്രായപ്പെട്ടു. നമ്മളെയോര്‍ത്ത് ലജ്ജിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലെ കുറിപ്പിലെഴുതി.
മത്സരം പൂര്‍ത്തിയായപ്പോള്‍ ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും പാക് താരങ്ങള്‍ക്കുനേരെ നോക്കുക പോലുംചെയ്യാതെ നേരെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. തങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നുവെന്നും ഇന്ത്യയുടെ നടപടി നിരാശപ്പെടുത്തിയെന്നും പാക് പരിശീലകന്‍ പ്രതികരിച്ചു.
ടോസിനു ശേഷം സൂര്യയും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങി.
അതേസമയം ആനന്ദ് പട്വർധനെതിരെ രൂക്ഷ വിമർശനവും ഉയർന്നിട്ടുണ്ട്. പഹൽ ഗാമിൽ നിരപരാധികളുടെ ജീവൻ എടുത്തപ്പോൾ താങ്കൾക്ക് സങ്കടമോ , ലജ്ജയോ തോന്നിയിലേന്നും കമന്റുകളുണ്ട്.











