ഇടുക്കി : പൊലീസ് അതിക്രമം സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഭവമല്ല എന്നും കഴിഞ്ഞ ഒമ്പത് വര്‍ഷമായി സംസ്ഥാനത്ത് പൊലീസിന്റെ ഭാഗത്ത് നിന്നും ദുരിതം നേരിടേണ്ടി വന്നവരില്‍ നിന്ന് ഒരു സിറ്റിംഗ് നടത്തി തെളിവ് ശേഖരിച്ചാല്‍ പൊലീസിന്റെ ഭീകരമായ മുഖം ഇനിയും വെളിയില്‍ വരുമെന്നും ബിജെപി ആലപ്പുഴ മേഖല അധ്യക്ഷന്‍ എന്‍ ഹരി പറഞ്ഞു.
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നതിനേക്കാള്‍ ആയിരക്കണക്കിന് അതിക്രമങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. ഭയംമൂലമാണ് പലരും പരാതിയുമായി മുന്നോട്ട് വരാത്തത് . പിണറായിയുടെ ഭരണത്തില്‍ കീഴില്‍ അനീതി ചെയ്യുവാനുള്ള ലൈസന്‍സ് ആയി യൂണിഫോമിനെ കാണുന്ന ഉദ്യോഗസ്ഥര്‍ സേനയ്‌ക്കുള്ളില്‍ വളര്‍ന്നുവരുന്നതിന് തടയിടാന്‍ പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നും അധികാര ദുര്‍വിനിയോഗം ചെയ്ത് മനുഷ്യത്വരഹിതമായി പൊതുജനങ്ങളോട് പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വിസി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി സന്തോഷ് കുമാര്‍ , കെ കുമാര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് ശശി തുടങ്ങിയവര്‍ സംസാരിച്ചു.
ഇടുക്കി കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപത്ത് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
















