തിരുവനന്തപുരം: അയ്യപ്പസംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല വാണിജ്യതാല്പര്യമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. ദേവസ്വം ബോര്‍ഡിന്റെ 75 ാം വാര്‍ഷികം പ്രമാണിച്ചാണ് പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും ബോര്‍ഡല്ല സര്‍ക്കാരാണ് മുന്‍കൈയെടുക്കുന്നത്. മന്ത്രിമാരുടെയും മറ്റും പ്രസ്താവനകള്‍ തെളിവാണ്. പ്രമേയത്തില്‍ പറയുന്നു. സുതാര്യത ഇല്ലാതെയാണ് പരിപാടി നടത്തുന്നത്. കോടതി ചോദിച്ചപ്പോള്‍ മാത്രമാണ് ശബരിമല വികസനമാണ് ലക്ഷ്യമെന്ന് പറഞ്ഞത്. ശബരിമല വികസനത്തിന് വര്‍ഷങ്ങളായി മാസ്റ്റര്‍ പ്ലാന്‍ നിലവിലുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ വികസനത്തെക്കുറിച്ച് പറയുന്നത്. ഇതില്‍ ആത്മാര്‍ത്ഥതയില്ല. പണം പിരിക്കുക എന്ന ലക്ഷ്യം മാത്രമാണ് അയ്യപ്പസംഗമത്തിനു പിന്നിലുള്ളത്.
പതിനെട്ടു മലകളുള്ള പൂങ്കാവനത്തിന്റെ പവിത്രതയാണ് ശബരിമലയുടെ പരിശുദ്ധി. ഈ മലകളെ തകര്‍ത്തുള്ള വികസനം പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കും, പവിത്രത നശിപ്പിക്കും. കച്ചവട താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ട് ശബരിമലയെ ആഗോള പില്‍ഗ്രിം ടൂറിസ്റ്റ് കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതില്‍ ചതിക്കുഴികളുണ്ട്. ഒരു ക്ഷേത്രത്തിന്റെയും വികസനത്തില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും താല്പര്യമില്ല.
ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണ പാളികള്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന കെടുകാര്യസ്ഥതയുടെ തെളിവാണ്. പ്രമേയം തുടര്‍ന്നു. അയ്യപ്പ സംഗമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് വിചാര കേന്ദ്രം ആവശ്യപ്പെട്ടു.
സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന കാര്യാധ്യക്ഷ ഡോ. എസ്. ഉമാദേവി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ. സി. സുധീര്‍ ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രജ്ഞാപ്രവാഹ് ഉത്തരക്ഷേത്ര സംയോജകന്‍ ചന്ദ്രകാന്ത്, ആര്‍. രാജീവ്, ജെ. മഹാദേവന്‍ രാമന്‍ കീഴന, രാജന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
















