കൊച്ചി: വികസിത ഭാരതം എന്ന സങ്കല്‍പത്തിന് കേവലം സാമ്പത്തിക അളവുകോലുകള്‍ക്കപ്പുറം വിശാലമായ അര്‍ത്ഥങ്ങളുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പാശ്ചാത്യ രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന ഭൗതിക സമൃദ്ധി എന്ന ആശയത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാക്കനാട് ജെയിന്‍ യൂണിവേഴ്‌സിറ്റി ആവിഷ്‌കരിച്ച ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായുള്ള ലെക്ചര്‍ സീരിസിന്റെ ഉദ്ഘാടനവും ഐഡിയ ഫെസ്റ്റ് ലോഞ്ചിങ്ങും നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍.
രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള ആശയം തികച്ചും വ്യത്യസ്തമാണ്. ഒരു രാജ്യത്തെ പൗരന്മാരുടെ സാമ്പത്തിക സ്ഥിരത മാത്രം അടിസ്ഥാനമാക്കി വികസിത രാജ്യമെന്ന് പറയാന്‍ കഴിയില്ല. ഭാരതീയ തത്വചിന്തയനുസരിച്ച് യഥാര്‍ത്ഥ വികസനത്തിന്റെ അടിസ്ഥാനം ‘സര്‍വേ ജനാ സുഖിനോ ഭവന്തു’ എന്ന ദര്‍ശനമാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവുകളില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഈ സമഗ്ര പുരോഗതിയാണ് നമ്മുടെ ലക്ഷ്യം. കൊളോണിയല്‍ കാഴ്ചപ്പാടുകളില്‍ നിന്ന് ഭാരതീയ ചിന്തയെ മോചിപ്പിക്കാനുള്ള സുപ്രധാന ശ്രമമാണിത്. അടിമത്ത മനോഭാവമുള്ള ഒരു ജനതയെ സൃഷ്ടിക്കുന്നതിലൂടെയല്ല, മറിച്ച് സ്വാഭിമാനവും പുരോഗമന ചിന്തയുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിലൂടെയാണ് വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുക എന്നും ഗവര്‍ണര്‍ പറഞ്ഞു. ചെറിയ സംസ്ഥാനമായ ഗോവയ്‌ക്ക് പോലും നിരവധി സമുദ്ര അനുബന്ധ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, കേരളത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജെ. ലത, ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജാമണി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. മധു കുമാര്‍, ഫിനാന്‍സ് മേധാവി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















