മുംബൈ: രാജ്യത്ത് ടൂറിസം മേഖലയെ ശക്തിപ്പെടുത്തണമെങ്കിൽ ഭാരതം സ്ത്രീകൾക്ക് സുരക്ഷിതമല്ല എന്ന ധാരണ അടിയന്തരമായി പരിഹരിക്കണമെന്ന് കോൺഗ്രസ് എംപി: ശശി തരൂർ. തൊഴിലിനും വരുമാനത്തിനും നിർണായകമായ ടൂറിസം മേഖലയുടെ വളർച്ചയെ സ്ത്രീസുരക്ഷ എന്ന വിഷയത്തിലെ ആഗോള പ്രതിച്ഛായ പിന്നോട്ടടിക്കുകയാണെന്ന് തരൂർ പറഞ്ഞു. ‘നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ടൂറിസം വളരെ പ്രധാനമാണ്. ഇത് ജനങ്ങൾക്ക് തൊഴിൽ നൽകുന്നു. ഇത് സർക്കാരിനുള്ള വരുമാനം വർദ്ധിപ്പിക്കും. നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന ഒരു പ്രതിച്ഛായ നമ്മുടെ രാജ്യത്തിനുണ്ട്. ഈ പ്രതിച്ഛായ നമ്മൾ മാറ്റേണ്ടതുണ്ട്. ഇതിനെക്കുറിച്ച് നമ്മൾ എന്തെങ്കിലും ചെയ്യണം. വിനോദസഞ്ചാര മേഖലകളിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണം,’ തരൂർ പറഞ്ഞു. മുംബൈയിൽ നടന്ന 2025 ലെ സ്‌കോൾ ഇന്ത്യ നാഷണൽ കോൺഗ്രസിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക ടൂറിസം ഓർഗനൈസേഷന്റെ ഒരു റിപ്പോർട്ട് പ്രകാരം, ടൂറിസത്തിന് ചെലവഴിക്കുന്ന 1000 ഡോളർ, നിർമ്മാണത്തിന് ചെലവഴിക്കുന്ന 1000 ഡോളറിന്റെ എട്ടിരട്ടി ആളുകൾക്ക് തൊഴിൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
‘നമുക്കുള്ളത് ഉയർന്ന നിലവാരമുള്ള ഫൈവ് സ്റ്റാർ ഹോട്ടലുകൾ, അല്ലെങ്കിൽ വളരെ നിലവാരം കുറഞ്ഞവ്. അതിനിടയിൽ ഒന്നുമില്ല, തരൂർ പറഞ്ഞു.
ദുബായ്, സിംഗപ്പൂർ പോലുള്ള ചെറിയ സ്ഥലങ്ങൾ ഭാരതത്തേക്കാൾ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നു. ‘നമുക്ക് നൂറ് ഹോട്ടലുകൾ കൂടി നിർമ്മിക്കേണ്ടതുണ്ട്, ആയിരക്കണക്കിന് ഹോട്ടലുകൾ നിർമ്മിക്കേണ്ടതുണ്ട്, നമ്മുടെ ടൂറിസ്റ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്, കൂടുതൽ ആളുകളെ ആകർഷിക്കണം. ടൂറിസത്തിന് നാം കൂടുതൽ മുൻഗണന നൽകണം,’ അദ്ദേഹം പറഞ്ഞു.
















