കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വെള്ളിയാഴ്ചയും വർധന. പവന് 560 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ റെക്കോഡിട്ടു. 81,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 10,200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം 77,640 ൽ നിന്ന സ്വർണവിലയാണ് ഇപ്പോൾ 82,000 ത്തിലേക്ക് കുതിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. സെപ്റ്റംബർ 10ന് സ്വർണവില 81,000 കടന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ ഉയർന്ന് 8375 രൂപയിലേക്ക് എത്തി. വെള്ളി വിലയിലും നേരിയ വർധന രേഖപ്പെടുത്തി. ആഗോളവിപണിയിലും സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വർണവില ഉയരുന്നത്. സ്പോട്ട് ഗോൾഡ് നിരക്ക് 0.4 ശതമാനം ഉയർന്ന് 3647.76 ഡോളറായി.
ഈ ആഴ്ച മാത്രം സ്വർണവിലയിൽ 1.7 ശതമാനത്തിന്റെ വർധനയുണ്ടായി. യു എസിൽ സ്വർണത്തിന്റെ ഫ്യൂച്ചർ വിലകളും ഉയരുകയാണ്. 0.4 ശതമാനം ഉയർന്ന് സ്വർണവില 3686.50 ഡോളറായി. ഈ വർഷം അവസാനത്തടെ മൂന്ന് തവണ ഫെഡറൽ റിസർവ് പലിശ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശനിരക്ക് കുറക്കൽ മുന്നിൽ കണ്ട് ആളുകൾ കൂട്ടത്തോടെ സ്വർണത്തിൽ നിക്ഷേപിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.















