ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറിയും ദേശീയ വക്താവുമായ അനില്‍ ആന്റണി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇന്തോ- പസഫിക് മേഖലയിലെ ഭാരതത്തിന്റെ തന്ത്രപരമായ താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് കോണ്‍ഗ്രസിന്റെ എതിര്‍പ്പെന്ന് അനില്‍ ആന്റണി ആരോപിച്ചു.
ഇന്‍ഡോനേഷ്യയില്‍ നിന്ന് 150 മൈലില്‍ താഴെ മാത്രം അകലെയാണ് ഗ്രേറ്റ് നിക്കോബാര്‍ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നതെന്ന് അനില്‍ ആന്റണി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതയായ മലാക്ക കടലിടുക്കിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടത്തിനടുത്തായാണിത്. ഭാരതത്തിന്റെ നാവികശേഷി, പവര്‍ പ്രൊജക്ഷന്‍, തന്ത്രപരമായ കണക്കുകൂട്ടലുകള്‍, ഇന്തോ- പസഫിക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് ഇവിടം ഒരു നിര്‍ണായക ആസ്തിയായി മാറും. സോണിയ ഗാന്ധി യുപിഎ ചെയര്‍പേഴ്സണായിരിക്കെ, 2012 ജൂലൈ 31ന് ഗ്രേറ്റ് നിക്കോബാറിലെ കാംബെല്‍ ബേയില്‍ നാവിക വ്യോമതാവളമായ ഐഎന്‍എസ് ബാസ് കമ്മീഷന്‍ ചെയ്തതായും അനില്‍ ആന്റണി ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇത്രയും പ്രധാനപ്പെട്ട പദ്ധതി ഒരു അബദ്ധമായി കണക്കാക്കുന്നതിന്റെ അടിസ്ഥാനമെന്താണ്. ഒരു ദശാബ്ദത്തിനു ശേഷം, എന്തിന്റെ അടിസ്ഥാനത്തിലാണ്, ആരുടെ പേരിലാണ്, ഇത്രയും പ്രധാനപ്പെട്ട ദേശീയ സുരക്ഷാ പ്രാധാന്യമുള്ള ഒരു പദ്ധതിയെ കോണ്‍ഗ്രസും നെഹ്റു കുടുംബവും എതിര്‍ക്കുന്നതെന്നും അനില്‍ ആന്റണി എക്സിലെ കുറിപ്പില്‍ ചോദിച്ചു.
















