ലോകത്താകമാനം ഏഴായിരത്തിമുന്നൂറ്റി എണ്‍പത്തെട്ടു ഭാഷകള്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ പല ഭാഷകളിലേക്കും വേദോപനിഷത്തുകള്‍, ഭഗവത് ഗീത എന്നിവ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഗഹനങ്ങളായ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന മഹത് ഗ്രന്ഥങ്ങളുടെ ശരിയായ പരിഭാഷ ഒരു പ്രശ്‌നമാകാറുണ്ട് പലപ്പോഴും. കുട്ടികളെയും ചെറുപ്പക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ മിഴിവോടെ സനാതനമൂല്യങ്ങള്‍ പ്രചാരത്തിലാക്കാന്‍ സാധിക്കും.
ഇന്ന് ചെറുപ്പക്കാരില്‍ പുസ്തക പാരായണം തുലോം കുറയുന്ന സാഹചര്യത്തില്‍ ഓഡിയോ ബുക്ക് സംവിധാനം ഫലപ്രദമായി ഇവയുടെ ജനകീയവത്കരണത്തിന് ഉപയോഗിക്കാവുന്നതാണ്. നമ്മള്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഥ, കവിത, ലേഖനങ്ങള്‍ ആദിയായവ എഴുതി അഥവാ നിര്‍മിച്ചു തരുന്ന ഭാഷ മാതൃകകളായ ജനറേറ്റീവ് എ. ഐ എന്ന ചാറ്റ് ജി.പി.ടി സംവിധാനം സൈബര്‍ ലോകത്ത് പുതിയ തരംഗമായി മാറിക്കഴിഞ്ഞു.
ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്കാനും ഇതിനു കഴിയും. നിര്‍മിത ബുദ്ധിയുടെ പുതിയ പതിപ്പായ ചാറ്റ് ജി.പി.ടിയുടെ നിരവധി പതിപ്പുകള്‍ ഇറങ്ങി കഴിഞ്ഞു നിര്‍മിത ബുദ്ധി ഇന്ന് ഗവേഷണത്തിനും പഠനങ്ങള്‍ക്കുമുള്ള വലിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ക്രിയാത്മകമായ അവതരണങ്ങള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് സാധ്യമാണ്. ഉപനിഷത് ഗ്രന്ഥങ്ങളും വേദങ്ങളും സ്മൃതികള്‍, പുരാണങ്ങള്‍ ഇവയെല്ലാം തന്നെ സംസ്‌കൃത ഭാഷയിലാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് ഈ ഭാഷ നാശത്തിന്റെ വക്കിലാണ്. അതുകൊണ്ടുതന്നെ വരുംകാലങ്ങളില്‍ ഇവയുടെ വായന കുറയാനാണ് സാധ്യത. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യക്ക് സ്വതന്ത്രമായി ഇവയുടെ ഭാഷാന്തരം വേഗത്തില്‍ നല്കാന്‍ കഴിയും. ഭാഷ അറിയാത്തവര്‍ക്ക് ടെക്സ്റ്റ് റ്റു സ്പീച് വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്. ലോകത്തുള്ള ഏതു ഭാഷയിലും ഈ മഹത് ഗ്രന്ഥങ്ങള്‍ ലഭ്യമാകുന്ന കാലം വിദൂരമല്ല.
അച്ചടി മഷി പുരണ്ട ലഘു ലേഖനങ്ങള്‍, പുസ്തകങ്ങള്‍, നോട്ടീസുകള്‍, വ്യാഖ്യാനങ്ങള്‍ എന്നിവക്ക് പകരം കൂടുതല്‍ ക്രിയാത്മകവും ആശയ വിനിമയത്തിനുതകുന്നതും എന്നാല്‍ ഇന്നത്തെ സൈബര്‍ യുഗത്തിന് ചേര്‍ന്ന രീതിയില്‍ സനാതന ധര്‍മ്മ ദര്‍ശനങ്ങള്‍ പുതിയ തലമുറയിലേക്ക് പ്രചരിപ്പിക്കുവാന്‍ നിര്‍മിത ബുദ്ധിക്ക് സാധിക്കും എന്ന കാര്യത്തില്‍ സന്ദേഹമൊന്നുമില്ല. നിര്‍മിത ബുദ്ധിക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്ന സിദ്ധാന്തം ഗണിത ശാസ്ത്രമാണ്. നിര്‍മിത ബുദ്ധിയുടെ നൂതന പതിപ്പായ ചാറ്റ് ജി.പി.ടിക്കു ഏകദേശം നൂറ്റിഎഴുപത്തിയഞ്ച് ബില്യണ്‍ പരാമീറ്ററുകള്‍ ഉണ്ട്. കമ്പ്യൂട്ടേഷന്‍ സാങ്കേതിക വിദ്യ ഏറെ വികസിച്ചു കഴിഞ്ഞു. ഇതിന്റെ പ്രതിഫലനം ജീവിതത്തിന്റെ നാനാതുറകളിലും വ്യാപിക്കുന്ന കാലം വിദൂരമല്ല. നീരാവി എന്‍ജിന്റെ വരവോടെ നമ്മുടെ വ്യവസായ വിപ്ലവത്തിന് തുടക്കം കുറിക്കുകയും പിന്നീട് രണ്ടു നൂറ്റാണ്ടുകളായി ഈ മേഖലയില്‍ വന്ന മാറ്റം അതിശയകരമായിരുന്നു.
ഇനി വരുന്ന നാളുകള്‍ നിര്‍മിതബുദ്ധിയില്‍ ഊന്നിയുള്ള ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലമായിരിക്കും എന്ന കാര്യത്തില്‍ സംശയം ലേശവുമില്ല. നിര്‍മിത ബുദ്ധി ഉപയോഗിച്ച് സനാതനമൂല്യങ്ങള്‍ ഫലപ്രദമായി വിവിധ രീതികളില്‍ പ്രചരിപ്പിക്കുവാന്‍ സാധിക്കും. കൂടുതല്‍ ഗഹനമായ പഠനങ്ങളും മുന്നൊരുക്കങ്ങളും നിര്‍മിത ബുദ്ധി ഉപയോഗിച്ചു നടത്താവുന്നതാണ്. വേദോപനിഷത്തുകളിലെയും പുരാണങ്ങളിലെയും ആശയങ്ങളുടെ പുതിയ ചിന്തയില്‍ ഊന്നിയുള്ള വ്യാഖ്യനങ്ങള്‍ക്കും ആശയരൂപീകരണത്തിനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ഇവയിലുള്ള ചാറ്റ് ബോട്ടുകള്‍ ഈ ദര്‍ശനങ്ങളുടെ പ്രചാരത്തിനു ഫലപ്രദമായി ഉപയോഗിക്കാം.
നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് ആത്മാര്‍ത്ഥമായ ഇടപെടലുകളിലൂടെ സംശയ നിവാരണത്തിനും കൂടുതല്‍ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും അവസരങ്ങളൊരുക്കും. കാലത്തിനൊത്ത് ടെക്‌നോളജിയെ പ്രയോജനപ്പെടുത്തുന്നത് വഴി കൂടുതല്‍ ചെറുപ്പക്കാരെ ഇക്കാര്യത്തില്‍ പങ്കാളികളാക്കാന്‍ സാധിക്കും. ലോകമെമ്പാടുമുള്ള സനാതന ധര്‍മ്മ വക്താക്കള്‍ക്ക് ഇത് ഒരു പുതുഉന്മേഷം പകരും. ഭാരതത്തെ ആഴത്തില്‍ അറിയാനും ഭാരതീയ ദര്‍ശനങ്ങളെപ്പറ്റി ശരിയായ ഗവേഷണങ്ങള്‍ ചെയ്ത് അറിയാന്‍ പരിശ്രമിക്കുന്നതും വിദേശികളാണെന്ന കാര്യം നാം അംഗീകരിച്ചേ മതിയാകൂ. സ്വത്വം തേടി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഇവിടേക്കുള്ള പലായനത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
നിര്‍മിത ബുദ്ധിയുടെ അപാരസാധ്യതയെ പറ്റി പരാമര്‍ശിക്കപ്പെടുമ്പോള്‍ തന്നെ അതിന്റെ പരിമിതികളെ പറ്റിയും നാം ബോധവന്മാരാകേണ്ടതുണ്ട്. വിശ്വാസത്തെ ഹനിക്കുന്ന രീതിയില്‍ ഇത് ഒരു പ്രതിസന്ധി സൃഷ്ടിക്കുവാന്‍ ഇടയാകരുത്. നിര്‍മിതബുദ്ധിയുടെ നന്മ അഥവാ എത്തിക്‌സ് അത് ഉപയോഗിക്കുന്ന വിവരങ്ങളുടേയും അറിവുകളുടേയും സ്വഭാവത്തെ പ്രധാനമായും ആശ്രയിച്ചിരിക്കുന്നു. ഇത് സൃഷ്ടിക്കുന്ന വിവരങ്ങള്‍ പക്ഷപാത രഹിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അപൂര്‍ണമായ, അല്ലെങ്കില്‍ വളരെ സൂക്ഷ്മമായി അറിവുകള്‍ പകരാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. മനുഷ്യന് ദൈവം നല്കിയിട്ടുള്ള സാമാന്യബുദ്ധി, വികാരങ്ങള്‍ ഇവ വിശകലനം ചെയ്യാന്‍ നിര്‍മിത ബുദ്ധി പോലെയുള്ള ഒരു സാങ്കേതിക ധര്‍മമനുസരിച്ച് വിദ്യ ഉപയോഗിക്കുന്നതിലെ അപകടം നാം മനസ്സിലാക്കേണ്ടതുണ്ട്. നിര്‍മിതബുദ്ധിയുടെ ഏറ്റവും വലിയ ന്യൂനത ഇതിന് പക്ഷപാത രഹിതവും യുക്തിക്ക് നിരക്കാത്തതുമായ പ്രതികരണങ്ങളെ യുക്തി സഹജമായും എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയിലും അവതരിപ്പിക്കാന്‍ സാധിക്കും എന്നതാണ്. നിര്‍മിതബുദ്ധിയെ അമിതമായി ആശ്രയിക്കുക വഴി തെറ്റായതും വിപ്ലവകരമായതുമായ അറിവുകളെ പ്രചരിപ്പിക്കാനുള്ള ഇതിന്റെ കഴിവ് ജനങ്ങളെ വല്ലാതെ സ്വാധീനിക്കുവാനുള്ള അപകടകരമായ സാധ്യതയും തള്ളി കളയാനാവില്ല.
നിര്‍മിതബുദ്ധി മനുഷ്യ ബുദ്ധിക്കപ്പുറത്തേക്ക് കടക്കുന്ന കാലത്തേക്കാണ് നാം എത്തിക്കൊണ്ടിരിക്കുന്നത്. ഭൂമിയുടെ നിയന്ത്രണം നിര്‍മിതബുദ്ധി ഏറ്റെടുക്കുമോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. സ്വയം ദൈവം ആകാനുള്ള നിര്‍മിതബുദ്ധിയുടെ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശ്രമം മനുഷ്യനില്‍ നിന്ന് അവന്റെ സ്വത്വത്തെ ചീന്തിയെടുക്കുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നിര്‍മിത ബുദ്ധിപോലെ നിര്‍മിത മനസ്സും ആത്മാവും സൃഷ്ടിക്കപ്പെടുമോ ? തൊഴില്‍ ഭീഷണിക്ക് പുറമെ, ആള്‍മാറാട്ടം നടത്താനുള്ള നിര്‍മിതബുദ്ധിയുടെ അപാരസാധ്യത ഭാരതത്തെപ്പോലെയുള്ള വികസ്വര രാഷ്‌ട്രങ്ങളെ പ്രതിസന്ധിയിലാക്കും.
സനാതനധര്‍മ്മം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആചാര്യന്മാര്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ പലതും താളിയോലകളിലും മറ്റുമാണുള്ളത്. പല അമൂല്യ ഗ്രന്ഥങ്ങളുടെയും കോപ്പികള്‍ ഇന്ന് ലഭ്യവുമല്ല. ഉള്ളവയെ സംരക്ഷിക്കുവാനും, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജ്ഞാനികളായ ആചാര്യന്മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു ഇവയെ
പുനര്‍ സൃഷ്ടിക്കുവാനും ഡിജിറ്റല്‍ ടെക്‌നോളജിക്ക് സാധിക്കും.
ഉദാഹരണമായി പരമ്പരാഗത കലാരൂപമായ തോല്പാവക്കൂത്തിനെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൂടുതല്‍ പ്രചാരം സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഏറെ ശ്രമകരമായ ഈ കലാരൂപം റോബോട്ടിക് പാവകള്‍ ഉപയോഗിച്ചു കൂടുതല്‍ മിഴിവോടെ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
നിര്‍മിത ബുദ്ധിയും സനാതനധര്‍മ്മവും എന്ന വിഷയത്തെ പറ്റി ചിന്തയ്‌ക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട്. ഹൈന്ദവ പുരാണങ്ങളില്‍ നിര്‍മിതബുദ്ധിയെ പറ്റി സൂചിപ്പിച്ചിട്ടുണ്ടോ? ഉണ്ട് എന്ന് പറയാന്‍ തെളിവുകള്‍ ഇല്ല. എന്നാല്‍ ദൈവം എന്നത് ആത്മബോധം ആണ്. അത് വിജ്ഞാനവും സാമര്‍ഥ്യവും വികാരങ്ങളും ഒത്തുചേരുന്നതാണ്. കമ്പ്യൂട്ടറിന് വിവരങ്ങള്‍ ശേഖരിക്കാനാവും. എന്നാല്‍ ബുദ്ധി എന്നത് ആത്മജ്ഞാനത്തില്‍ അധിഷ്ടിതമാണ്. ഹിന്ദു ധര്‍മം അനുസരിച്ച് മനുഷ്യരില്‍ ഒന്‍പതു വികാരങ്ങള്‍ ആത്മജ്ഞാനത്തിന്റെ ഭാഗമായി കാണപ്പെടുന്നു. നിര്‍മിതബുദ്ധിക്ക് ഈ രസങ്ങളെല്ലാം മനുഷ്യരില്‍ കാണപ്പെടുന്നപോലെ സൃഷ്ടിക്കപ്പെടുവാനാകുമോ? ഇതിനുള്ള ഉത്തരം നാം തന്നെ കണ്ടു പിടിക്കുക. നിര്‍മിത ബുദ്ധി എന്നതില്‍ തന്നെ അതിന്റെ ഉത്തരം അടങ്ങിയിരിക്കുന്നു. ഉപ്പോളം വരുമോ ഉപ്പിലിട്ടത്!
















