ടെല്‍അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് അനവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് പ്രതിരോധ വിദഗ്ധനും മിസ്ഗാവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് സയണിസ്റ്റ് സ്ട്രാറ്റജിയിലെ സീനിയര്‍ ഫെലോയുമായ സാക്കി ശാലോം.
തീരുവയില്‍ അമേരിക്കയ്‌ക്കെതിരെ മോദിയുടെ ശക്തമായ നിലപാടും പാകിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളോടുള്ള മോദിയുടെ സമീപനവും, രാജ്യത്തിന്റെ അന്തസ് ആഡംബരമല്ല, തന്ത്രപ്രധാനമായ സ്വത്താണെന്നാണ് വ്യക്തമാക്കുന്നതെന്ന് ശാലോം ജറുസലേം പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്ക ഭാരതത്തിന് ഇരട്ടച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ബന്ധം വഷളായി. ഭാരത-പാക് യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദവും നരേന്ദ്ര മോദി സര്‍ക്കാര്‍ തള്ളി. സാമ്പത്തികവും സൈനികവുമായ സംഘര്‍ഷങ്ങളില്‍ നിന്നല്ല, വ്യക്തിപരമായും രാജ്യത്തിന്റെ ആത്മാഭിമാനത്തെയും ട്രംപ് അവഹേളിച്ചു എന്നതിലാണ് മോദിയുടെ ശക്തമായ പ്രതികരണം. ട്രംപിന്റെ നാല് ഫോണ്‍ കോളുകള്‍ മോദി നിരസിച്ചു. ഇതില്‍ നിന്നും ഇസ്രയേലിന് പ്രധാനപ്പെട്ട ചിലത് പഠിക്കാനുണ്ട്.
ട്രംപില്‍ നിന്ന് ആക്രമണങ്ങള്‍ നേരിട്ടപ്പോള്‍ പ്രധാനമന്ത്രി മോദി ക്ഷമാപണം നടത്തിയില്ല. രാജ്യത്തിന്റ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് ശക്തമായി പ്രതികരിക്കുകയായിരുന്നു. ഭാരതത്തെ ആജ്ഞാനുവര്‍ത്തിയായോ ഒരു ഗതിയുമില്ലാത്ത രാജ്യമായോ പരിഗണിക്കുന്നത് അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് മോദി ട്രംപിന് നല്‍കിയത്.
ഇസ്രയേല്‍ ഇതിനു വിപരീതമായി, ഖാന്‍ യൂനിസ് സംഭവസമയത്ത് അമിതമായ ഉത്കണ്ഠ പ്രകടിപ്പിക്കാനാണ് ശ്രമിച്ചത്. ഈ സമീപനം ഹ്രസ്വകാല നാശനഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകാം. പക്ഷേ തന്ത്രപരമായ താല്‍പര്യങ്ങള്‍ക്ക് ഇത് ദോഷം ചെയ്യും. ബുദ്ധിമുട്ടുള്ളതും സങ്കീര്‍ണവുമായ സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ പോലും ഒരു രാജ്യം അതിന്റെ ആത്മാഭിമാനം സംരക്ഷിക്കണം.
ഇസ്രയേല്‍, രാജ്യത്തിന്റെ നിലയും സുരക്ഷയും ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ലോകത്തിന് മുന്നില്‍ ഉറച്ച പ്രതിരോധശേഷി പ്രകടിപ്പിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















