തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം സപ്തം. 7ന് ശിവഗിരിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.
ശിവഗിരിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ചെമ്പഴന്തി ഗുരുകുലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളാകും. ചെമ്പഴന്തി വയല്‍വാരം വീട് നിലകൊള്ളുന്ന ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരിയിലും നാടാകെയും ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ശിവഗിരിമഠം ശാഖാ സ്ഥാപനങ്ങളിലെല്ലാം ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ ഉണ്ടാകുമെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ശിവഗിരിയില്‍ പുലര്‍ച്ചെ പര്‍ണശാല, ശാരദാ മഠം, മഹാസമാധി എന്നിവിടങ്ങളിലെ വിശേഷാല്‍ ആരാധനക്ക് ശേഷം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തും. 9.30നു ജയന്തി സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. ജയന്തി സന്ദേശവും സ്വാമി നല്‍കും. ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി അസംഗാനന്ദഗിരി, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, അടൂര്‍ പ്രകാശ് എംപി, വി. ജോയ് എംഎല്‍എ തുടങ്ങിയവര്‍ സംസാരിക്കും.
സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവ ശിഷ്യന്‍ നിശ്ചലദാസ് സ്വാമിയുടെ ജീവചരിത്രവും സ്വാമി സുരേശ്വരാചാര്യ രചിച്ച പഞ്ചദശി എന്നീ പുസ്തകങ്ങളുടെ പ്രകാശനവും സമ്മേളനത്തില്‍ നടക്കും. 11.30ന് തിരുജയന്തി വിശ്വസാഹോദര്യ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. മേജര്‍ ഡോ. ഒമര്‍ അല്‍ മര്‍സൂഖി (ദുബായ്), ആചാര്യ സത്വിന്ദര്‍ജി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ശുഭാംഗാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. 171 നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാസഹായ വിതരണവും നടക്കും. ഉച്ചയ്‌ക്ക് 2 നു ഗുരുമൊഴി പ്രഭാഷണ പരമ്പര ആരംഭിക്കും. മാതൃസഭാ സെക്രട്ടറി ശ്രീജ ജി.ആര്‍. അധ്യക്ഷയാകും. സഭാ പിആര്‍ഒ പ്രൊഫ. സനല്‍കുമാര്‍ ‘കേരളം ഗുരുവിന് മുന്‍പും ശേഷവും’ എന്ന വിഷയം അവതരിപ്പിക്കും.
വൈകിട്ട് 5.30ന് ജയന്തി ഘോഷയാത്ര പുറപ്പെടും. ശിവഗിരി നഴ്‌സിംഗ് കോളജ്, എസ്.എന്‍. കോളജ്, വട്ടപ്‌ളാമൂട്, പുത്തന്‍ചന്ത, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാത്രി 10 നു മഹാസമാധിയില്‍ എത്തിച്ചേരും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 6 നു രാവിലെ 8 നു മുരുക്കുംപുഴ കാളകണ്ടേശ്വരം ക്ഷേത്രത്തില്‍ നിന്നും ധര്‍മപതാകയും കൊടിക്കയറും രഥഘോഷയാത്രയായി ശിവഗിരിയില്‍ എത്തിക്കും. ജയന്തി ദിനം മുതല്‍ മഹാസമാധി ദിനമായ 21 വരെ മഹാഗുരുപൂജ, മഹാശാന്തിഹവനം, വിശേഷാല്‍ ശാരദാപൂജ, അഖണ്ഡനാമജപയജ്ഞം എന്നിവയും ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ആഘോഷ കമ്മിറ്റി സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, ജോ. സെക്രട്ടറി വിരജാനന്ദഗിരി സ്വാമി, കണ്‍വീനര്‍ അരുണ്‍കുമാര്‍, ശിവഗിരി മീഡിയ ചെയര്‍മാന്‍ ഡോ. എം. ജയരാജു, മഠം പിആര്‍ഒ ഇ.എം. സോമനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















