ന്യൂദല്‍ഹി:: റഷ്യയില്‍ നിന്നും എണ്ണവാങ്ങി ഇന്ത്യയിലെ ബ്രാഹ്മണര്‍ കൊള്ളലാഭം കൊയ്യുകയാണെന്ന് ട്രംപിന്റെ ഉപദേഷ്ടാവായ പീറ്റര്‍ നവാരൊ. ഇന്ത്യക്കാരെ ജാതി തിരിച്ച് തമ്മില്‍ തല്ലിക്കാന്‍ ഒരുമ്പെടുന്ന രാഹുല്‍ഗാന്ധിയാണ് ബ്രാഹ്മണിക്കല്‍ അജണ്ടയെക്കുറിച്ച് പഠിപ്പിച്ച് തന്നതെന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
വളരെ വിചിത്രമായ വാദമാണ് പീറ്റര്‍ നവാരോ ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് പ്രയോഗിച്ചത്. റഷ്യ-ചൈന-ഇന്ത്യ ചേര്‍ന്നുള്ള എസ് സിഒ ഉച്ചകോടി ചൈനയില്‍ നടന്നതോടെ ട്രംപിന്റെ സംഘം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുകയാണ്. ഏറ്റവും ഒടുവില്‍ ജാതിക്കാര്‍ഡാണ് മോദിയ്‌ക്കും ഇന്ത്യയ്‌ക്കും എതിരെ എടുത്തു വീശിയിരിക്കുന്നത്.
ഇന്ത്യയെ എങ്ങിനെയെല്ലാം വിഭജിക്കാന്‍ കഴിയും എന്ന് നോക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. മതം, സംസ്ഥാനം, ദക്ഷിണേന്ത്യ-ഉത്തരേന്ത്യ, ബ്രാഹ്മണിക്കല്‍ ഹെജിമണി, ജാതിയുദ്ധം തുടങ്ങി ഓരോ ഘടകങ്ങളും ഇന്ത്യയെ വിഭജിക്കാന്‍ ഉപയോഗിക്കുകയാണ്. അതുകൊണ്ടാണ് ഇന്ത്യയെ പല തുണ്ടങ്ങളാക്കി മുറിക്കാന്‍ ശ്രമിക്കുന്ന തുക് ഡെ തുക്ഡെ ഗ്യാങ്ങുകളാണ് രാഹുല്‍ ഗാന്ധിയും ഇന്ത്യാമുന്നണിയുമെന്ന് അമിത് ഷാ ആരോപിച്ചത്.
ഇപ്പോള്‍ ഇന്ത്യയിലെ ബ്രാഹ്മണരാണ് റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങി ലാഭം കൊയ്യുന്നതെന്നും ഇന്ത്യക്കാരുടെ ചെലവിലാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് മനസ്സിലാക്കാനും ഇന്ത്യക്കാരെ ആഹ്വാനം ചെയ്തിരിക്കുകയാണ് പീറ്റര്‍ നവാരോ. ഏറ്റവും നിലവാരം കുറഞ്ഞ ജാതിക്കാര്‍ഡ് എടുത്ത് മോദിയ്‌ക്കെതിരെ വീശിയ നവാരോയ്‌ക്കറിയാമോ മോദി ബ്രാഹ്മണനല്ലെന്ന കാര്യം? എന്ന മറുചോദ്യവും സമൂഹമാധ്യമങ്ങളില്‍ പലരും ഉയര്‍ത്തുന്നുണ്ട്. ഇനി അടുത്ത തവണ ‘ആസാദി’ എന്ന വാക്ക് പീറ്റര്‍ നവാരോ ഉച്ചരിച്ചാലും അത്ഭുതപ്പെടാനില്ലെന്നും ചിലര്‍ പരിഹസിക്കുന്നു.
















