അന്നപൂര്‍ണാ ദേവി
കേന്ദ്ര വനിതാ -ശിശു വികസന മന്ത്രി
വികസിത ഭാരതം കെട്ടിപ്പടുക്കണമെങ്കില്‍, കുഞ്ഞുങ്ങളുടെ ജീവിതാരംഭം എവിടെയാണോ അവിടെ നിന്നുതന്നെ, നമ്മുടെ കുഞ്ഞു പൗരന്മാരുടെ പ്രതിഭയെ പരിപോഷിപ്പിച്ചുകൊണ്ട്, നാം തുടങ്ങേണ്ടിയിരിക്കുന്നു. അങ്കണവാടി കേന്ദ്രത്തിലെത്തുന്ന കുഞ്ഞുങ്ങളുടെ ചിരിയിലും, അവര്‍ പാടുന്ന പാട്ടുകളിലും, അവര്‍ നിര്‍മിക്കുന്ന ബ്ലോക്കുകളിലും, നമ്മുടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാര്‍ശനിക നേതൃത്വത്തിന് കീഴില്‍, വികസന മുന്നേറ്റത്തിന്റെ ഹൃദയഭാഗത്ത് സ്വന്തം കുഞ്ഞു പൗരന്മാരെ ഭാരതം പ്രതിഷ്ഠിച്ചിരിക്കുന്നു. സര്‍വകലാശാലകളിലും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപിക്കുക മാത്രമല്ല, ഒരു കുഞ്ഞ് ആദ്യമായി പ്രവേശിക്കുന്ന അങ്കണവാടിയുടെ നിര്‍ണായക പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടു കൂടിയാണ് പ്രധാനമന്ത്രി നമ്മുടെ ദേശീയ മുന്‍ഗണനകളെ പുനര്‍നിര്‍വ്വചിച്ചത്.
സമകാലിക ഭാരതത്തില്‍, കളികള്‍ കേവലമൊരു വിനോദമല്ല – അത് നയം തന്നെയാണ്. ഇതിന്റെ ഗുണഫലങ്ങളാകട്ടെ സ്വയം പ്രഖ്യാപിതവും. ശിശു വികസന സമീപനത്തെ കഴിഞ്ഞ ദശകത്തില്‍ മോദി സര്‍ക്കാര്‍ അടിസ്ഥാനപരമായി പുനര്‍വിചിന്തനം ചെയ്തു. ആറ് വയസിന് മുമ്പാണ് കുട്ടികളുടെ തലച്ചോറിന്റെ 85% വികാസവും സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ആവിഷ്‌കരിക്കപ്പെട്ട 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) നിര്‍ണ്ണായക വഴിത്തിരിവായി മാറി. ബുദ്ധിയും ആരോഗ്യവും കൂടുതല്‍ ഉത്പാദനക്ഷമതയുള്ള ഒരു ജനതയെയാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍, ഏറ്റവും പ്രധാനപ്പെട്ട കാലയളവില്‍ – അതായത് ജീവിതത്തിന്റെ ആദ്യ ആറ് വര്‍ഷങ്ങളില്‍ – ഉചിതമായ നിക്ഷേപം നടത്തേണ്ടതുണ്ട്.
ശാസ്ത്രീയ തെളിവുകള്‍ ഈ പരിവര്‍ത്തനത്തെ പിന്തുണയ്‌ക്കുന്നു. സിഎംസി വെല്ലൂരിലെ ക്ലിനിക്കല്‍ എപ്പിഡെമിയോളജി വിഭാഗം നടത്തിയ പഠനത്തില്‍, 18 മുതല്‍ 24 മാസം വരെ ഘടനാപരമായ പ്രാഥമിക ബാല്യകാല പരിചരണവും ശിക്ഷണവും (ഇസിസിഇ) ലഭിച്ച കുട്ടികള്‍ ഗണ്യവും സ്ഥായിയുമായ ഐക്യു അഞ്ച് വയസാകുമ്പോഴേക്കും 19 പോയിന്റുകള്‍ വരെയും, ഒമ്പത് വയസാകുമ്പോഴേക്കും 5 മുതല്‍ 9 പോയിന്റുകള്‍ വരെയും- പ്രദര്‍ശിപ്പിക്കുന്നതായി കണ്ടെത്തി. വികസ്വര ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ നേട്ടങ്ങള്‍ വളരെ പ്രധാനമാണ്.
ആഗോള ഗവേഷണങ്ങള്‍ക്ക് അനുപൂരകമാണ് ഭാരതത്തില്‍ നിന്നുള്ള ഈ കണ്ടെത്തലുകള്‍. അഞ്ച് വയസിന് മുമ്പ് ഗുണമേന്മയുള്ള ഇസിസിഇ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഉയര്‍ന്ന ഐക്യു, മികച്ച സാമൂഹിക നൈപുണ്യങ്ങള്‍, മെച്ചപ്പെട്ട അക്കാദമിക പ്രകടനം എന്നിവ ആര്‍ജ്ജിക്കാനുള്ള സാധ്യത 67% കൂടുതലാണെന്ന് അന്താരാഷ്‌ട്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. നൊബേല്‍ സമ്മാന ജേതാവ് ഡോ. ജെയിംസ് ഹെക്ക്മാന്റെ പ്രസിദ്ധമായ വാക്കുകള്‍ ഉദ്ധരിച്ചാല്‍, ‘എത്ര നേരത്തെയോ – അത്രയും നേട്ടങ്ങള്‍.’ ശൈശവകാലത്തു നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് 13-18% വരെ കൂടുതല്‍ നേട്ടം- അതായത് വിദ്യാഭ്യാസത്തിന്റെയോ തൊഴില്‍ പരിശീലനത്തിന്റെയോ മറ്റേതൊരു ഘട്ടത്തേക്കാളും ഉയര്‍ന്ന നേട്ടങ്ങള്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ ഗവേഷണം വ്യക്തമാക്കുന്നു.
ഇസിസിഇയുടെ സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, വനിതാ-ശിശു വികസന മന്ത്രാലയം അങ്കണവാടി കേന്ദ്രങ്ങളെ ഊര്‍ജ്ജസ്വലമായ ആദ്യകാല ശിശു പഠന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള സംരംഭമായ പോഷണ്‍ ഭി പഠായി ഭി (‘പോഷകാഹാരത്തോടൊപ്പം വിദ്യാഭ്യാസവും’) ആരംഭിച്ചു. പ്രാദേശികവും തദ്ദേശീയവുമായ വസ്തുക്കള്‍ ഉപയോഗിച്ച് പ്രവര്‍ത്തനാധിഷ്ഠിതവും കളി അധിഷ്ഠിതവുമായ പഠന സമ്പ്രദായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അങ്കണവാടി ജീവനക്കാര്‍ക്ക് ഇസിസിഇയില്‍ വ്യവസ്ഥാപിതമായ പരിശീലനം നല്‍കുകയും ചെയ്തു. അദ്ധ്യാപന-പഠന സാമഗ്രികള്‍ക്കുള്ള ബജറ്റ് വിഹിതവും ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രതിമാസ ഇസിസിഇ ദിനങ്ങള്‍ സ്ഥാപനവത്കരിക്കപ്പെട്ടിട്ടുമുണ്ട്. ഇന്ന്, അങ്കണവാടി കേന്ദ്രം ഓരോ കുട്ടിയെയും സംബന്ധിച്ചിടത്തോളം കേവലം പോഷകാഹാരം ലഭിക്കുന്ന ഒരു സ്ഥലം മാത്രമല്ല – ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ വര്‍ഷങ്ങളില്‍ ജിജ്ഞാസ, സര്‍ഗ്ഗാത്മകത, സമഗ്ര വികസനം എന്നിവ പരിപോഷിപ്പിക്കുന്ന പ്രഥമ വിദ്യാലയമാണ്.
ഈ പരിവര്‍ത്തനത്തിന് മാര്‍ഗ ദീപമെന്ന നിലയില്‍, മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്കായി ആദ്യകാല ശിശു പരിചരണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ദേശീയ പാഠ്യപദ്ധതിയായ ‘ആധാര്‍ശില’ മന്ത്രാലയം അവതരിപ്പിച്ചു. കുട്ടികളുടെ സമഗ്ര വികസനത്തില്‍ ആധാര്‍ശില ശ്രദ്ധ കേന്ദ്രീകരിക്കുന്നു – ബൗദ്ധിക വളര്‍ച്ച മാത്രമല്ല, വൈകാരികവും ശാരീരികവും സാമൂഹികവുമായ ക്ഷേമത്തിനും ഇത് ഊന്നല്‍ നല്‍കുന്നു. ഘടനാപരമായ കളികളിലൂടെയാണ് ഇത് പഠനത്തെ സമീപിക്കുന്നത്. പോഷണം ലഭിക്കുന്ന അന്തരീക്ഷത്തില്‍ കുഞ്ഞുങ്ങള്‍ക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും ഇത് വഴിയൊരുക്കുന്നു.
കുട്ടികള്‍ സഹജമായി തന്നെ കളികളില്‍ ആകര്‍ഷിക്കപ്പെടുന്നു – സ്വന്തം ലോകത്തിന്റെ ഓരോ കോണും ആവിഷ്‌കാരത്തിനും സന്തോഷത്തിനുമുള്ള ഇടങ്ങളാക്കി മാറ്റുന്നു. ശരിയായ അന്തരീക്ഷം രൂപപ്പെട്ടാല്‍, ഈ സഹജാവബോധം ആജീവനാന്ത വിദ്യാഭ്യാസത്തിനുള്ള അടിത്തറയായി മാറുന്നു. കുട്ടികള്‍ക്ക് ഗൈഡഡ് പ്ലേയിലൂടെയും പഠനത്തിലൂടെയും അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന സുരക്ഷിതവും ഘടനാപരവും ഉത്തേജകവുമായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിലൂടെ ഈ ആശയത്തെ പോഷണ്‍ ഭി പഠായി ഭി പരിപോഷിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ആദ്യകാല ശിശു പരിചരണവും വിദ്യാഭ്യാസവും (ഇസിസിഇ) ഒരു അടിസ്ഥാന പങ്ക് വഹിക്കുന്നു. പോഷണ്‍ ഭി പഠായി ഭി സംരംഭത്തിന് കീഴില്‍, രാജ്യത്തുടനീളമുള്ള അങ്കണവാടി കേന്ദ്രങ്ങള്‍ സമഗ്രമായ ആദ്യകാല പഠനത്തിനുള്ള പരിപോഷണ ഇടങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ആധാര്‍ശിലയുടെ ഘടനാപരമായ 5+1 പ്രതിവാര പദ്ധതി പ്രകാരം 30 മിനിറ്റ് സ്വതന്ത്രമായ കളിയിലൂടെയാണ് ദിവസം ആരംഭിക്കുന്നത്. തുടര്‍ന്ന് ഭാഷ, സര്‍ഗ്ഗാത്മകത, മോട്ടോര്‍ സ്‌കില്‍സ്, അഥവാ ചലന- ചാലക വൈദഗ്ധ്യം, സാമൂഹിക വ്യവഹാരം എന്നിവ മെച്ചപ്പെടുത്തുന്ന ഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം, മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും വൈകാരിക ബന്ധങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്ന പുറം കളികളും സംഭാഷണങ്ങളും നടത്തി ദിവസം അവസാനിക്കുന്നു.
ഘടനാപരവും ഘടനാരഹിതവുമായ കളികളടങ്ങുന്ന ഈ സന്തുലിത സമീപനം സുപ്രധാനമാണ്. എന്‍ഇപി 2020, ഔപചാരിക സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസായി ഉയര്‍ത്തിയ സാഹചര്യത്തില്‍ വിശേഷിച്ചും. ഘടനാപരമായ ഇസിസിഇകള്‍ കുട്ടികള്‍ വൈകാരികമായും, സാമൂഹികമായും, വൈജ്ഞാനികമായും സ്‌കൂള്‍ സജ്ജമാണെന്ന് ഉറപ്പാക്കുന്നു.
ഭാരതത്തിലെ ഓരോ കുഞ്ഞും ജനനം മുതല്‍ തന്നെ ഭാവാത്മകവും ശക്തവുമായ തുടക്കം അര്‍ഹിക്കുന്നവരാണ്. ജനനം മുതല്‍ മൂന്ന് വയാ് വരെയുള്ള കാലയളവിന്റെ അടിസ്ഥാന പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, മന്ത്രാലയം നവചേതന – പ്രാഥമിക ബാല്യകാല ഉത്തേജനത്തിനായുള്ള ദേശീയ ചട്ടക്കൂട്-അവതരിപ്പിച്ചു.
കുഞ്ഞുങ്ങളുടെ വികസനത്തില്‍ മാതാപിതാക്കളുടെ പങ്കാളിത്തം പ്രധാനമാണ്. ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കളിപ്പാട്ടങ്ങളിലും പുസ്തകങ്ങളിലും നിക്ഷേപിക്കാനാകും. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സമത്വപൂര്‍ണ്ണമായ സാഹചര്യം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. നവചേതന, പോഷണ്‍ ഭി പഠായി ഭി എന്നിവയിലൂടെ, ഭാരതത്തിന്റെ എല്ലാ കോണുകളിലുമുള്ള കുട്ടികള്‍ക്കും തുടക്കം മുതല്‍ അഭിവൃദ്ധി പ്രാപിക്കാന്‍ ആവശ്യമായ ഉത്തേജനം, പരിചരണം, പരിപോഷണം എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി, ഈ പരിമിതി പൂര്‍ണ്ണമായും പരിഹരിക്കുകയാണ് ഞങ്ങള്‍.
ഭാരതം യഥാര്‍ത്ഥത്തില്‍ വികസിതമാകണമെങ്കില്‍, നമ്മുടെ ഇളം തലമുറ ജീവിതത്തില്‍ ശരിയായ തുടക്കം കുറിക്കുന്നതിലൂടെ ശാക്തീകരിക്കപ്പെടണം. കളി ഒരു ആഡംബരമല്ല – അത് പഠനത്തിനുള്ള അടിത്തറയാണ്. ഭാരതത്തിലെ ഓരോ ശിശുവിനും പഠിക്കാനും വളരാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വനി
താ -ശിശു വികസന മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ് – കാരണം രാഷ്‌ട്ര നിര്‍മ്മാണം ആരംഭിക്കുന്നത് ഇളമുറക്കാരായ കുഞ്ഞു പൗരന്മാരുടെ വികാസത്തിലൂടെയാണ്.
















