ടിയാന്‍ജിന്‍: വ്യാളിയും (ചൈന) ആനയും (ഭാരതം) ഒന്നിച്ചു നില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഷാങ്ഹായ് ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷിയുടെ പ്രതികരണം.
തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ സഹകരണം അനിവാര്യമാണ്. ലോകം പരിവര്‍ത്തനത്തിന്റെ പാതയിലാണ്. ഏറ്റവും പൈതൃക പ്രാധാന്യവും ചരിത്ര പ്രാധാന്യവുമുള്ള രണ്ടു രാജ്യങ്ങള്‍, ഏറ്റവും ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങള്‍. അവര്‍ നല്ല അയല്‍ക്കാരാവുക, ഉറച്ച സുഹൃത്തുക്കളാവുക എന്നത് നിര്‍ണായകമാണ്. വ്യാളിയും ആനയും ഒന്നിക്കണം.
ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്താനുള്ള ചരിത്രപരമായ ഉത്തരവാദിത്വം രണ്ടു രാജ്യങ്ങള്‍ക്കുമുണ്ട്. തന്ത്രപരവും ദൂരവ്യാപകവുമായ വീക്ഷണത്തിലൂടെ ഇരുരാജ്യങ്ങളും പരസ്പരമുള്ള ബന്ധത്തെ സമീപിക്കണം. അതിലൂടെ സുസ്ഥിരതവും ഉറച്ചതുമായ മുന്നേറ്റം ഉഭയകക്ഷി ബന്ധത്തില്‍ കൊണ്ടുവരാനാകും. പരസ്പരം ഭീഷണിയുയര്‍ത്താതെ രണ്ടു രാജ്യങ്ങളുടെയും വളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന തരത്തിലായിരിക്കണം ബന്ധം, ഷി പറഞ്ഞു.
ഭാരതം- ചൈന ബന്ധം ശുഭകരമായ ദിശയിലാണെന്ന് ചര്‍ച്ചയില്‍ മോദി പറഞ്ഞു. അതിര്‍ത്തിയില്‍ സ്ഥിരതയും സമാധാനവുമുണ്ടായി. കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായി ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ നാം പ്രതിജ്ഞാബദ്ധരാണ്, മോദി പറഞ്ഞു.
ഒരു മണിക്കൂര്‍ ചര്‍ച്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവര്‍ പങ്കെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ കായ് ചിയുമായും മോദി കൂടിക്കാഴ്ച നടത്തി
















