തുമ്പികള്‍ പൂവേപൊലി
പാടുന്നു നിലാവിന്റെ
ചെമ്പകനിറമെങ്ങും
പരന്നീടുന്നു മണ്ണില്‍
മലയാളിതന്‍ സ്വന്തം പൊന്നോണമണയുമ്പോള്‍
പലയാളുകളെങ്ങും പരക്കം പാഞ്ഞീടുന്നു
അലഞ്ഞിട്ടാണെങ്കിലും തിരുവുത്സവത്തിന്റെ
കലയാം കലവറ തുറക്കാനൊരുങ്ങുന്നു
പുളകമണിയുന്നു പുന്നെല്ലിന്‍ തലപ്പുകള്‍
വിളവിന്‍ സമൃദ്ധിയില്‍ വന്നല്ലോ തിരുവോണം
കുചേല കുബേര വ്യത്യാസങ്ങളില്ലാതെയാ
വിചാരവിഷമങ്ങള്‍ മാറ്റിവയ്‌ക്കും നാളുകള്‍
വചനം പറനാഴിയൊന്നുമേ കളവില്ല
പ്രചരിച്ചീടും പഴംകഥയിലെ തമ്പുരാന്‍
ജീവിതത്തിലെന്തൊക്കെ മാറ്റങ്ങള്‍ വന്നീടിലും
പാവനമായിത്തന്നെ ഓണമെന്നുള്ളോര്‍മകള്‍
കാണംവിറ്റുമോണമുണ്ടീടണമെന്നുള്ളകാ-
രണവര്‍ തന്‍വാക്കുകള്‍ പ്രസക്തമെക്കാലവും
ഐശ്വര്യ സമൃദ്ധിതന്‍ ദേശീയോത്സവം തെല്ലും
സംശയമില്ല നമ്മള്‍തന്‍ സ്വകാര്യഹങ്കാരം
ഉണ്ണുവാനില്ലാത്തോനുമുടയാളനും തമ്മില്‍
മണ്ണിലെ സുദൃഢമാം ബന്ധത്തിന്റെയോര്‍മകള്‍
പണ്ടൊക്കെയത്തം മുതല്‍ തുടങ്ങീടുമാഘോഷം
നീണ്ടുനിന്നീടുമതന്നഞ്ചോണംവരേങ്കിലും
ഓണമെന്നൂള്ളോരുരണ്ടക്ഷരമില്ലാതൊന്നും
കാണുവാനില്ലാത്തൊരു കാലമീയോണക്കാലം
പൂവുകള്‍നിലാവുമേ വെയിലും പുടവയും
പാവക്കൂത്തുകള്‍ തുള്ളല്‍ കിളികള്‍ കളികളും
ഓണത്താറോണത്തുമ്പി പൊട്ടനോണദക്ഷിണ
ഓണത്തല്ലോണക്കളി കോടിയുമോണത്താറും
ഓണപ്പാട്ടോണക്കഥയോണസദ്യയിങ്ങനെ
ഓണക്കാഴ്ചകളേറെ നീളുന്നൊരോണക്കാലം…
















