തിരുവനന്തപുരം: നഗരത്തിലെത്തുന്ന വാഹന ഉടമകളില്‍ നിന്നും പാര്‍ക്കിങിന്റെ പേരില്‍ തീവെട്ടിക്കൊള്ളയുമായി മേയര്‍ ആര്യരാജേന്ദ്രന്‍. 38 റോഡു വശങ്ങളില്‍ക്കൂടി പാര്‍ക്കിങിന് ഫീസ് ഈടാക്കാന്‍ നീക്കം. കടകളില്‍ സാധനങ്ങള്‍ വാങ്ങിയ്‌ക്കാന്‍ എത്തുന്നവരുടെ വാഹന ഉടമകളില്‍ നിന്നും പിഴ ഈടാക്കുന്നതോടെ ചെറുകിട വ്യാപാരികള്‍ ബുദ്ധമുട്ടിലാകും.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും മെല്ലെപ്പോക്ക് നയം സ്വീകരിച്ചതിനാലാണ് വാഹനയാത്രികരുടെ കഷ്ടകാലം ആരംഭിക്കുന്നത്. മെഡിക്കല്‍ കോളജിലും കിഴക്കേകോട്ടയിലും നിശ്ചയിച്ചിട്ടുള്ള പാര്‍ക്കിങ് കേന്ദ്രങ്ങളുടെ നിര്‍മാണം എങ്ങുമെത്തിയില്ല. തമ്പാനൂരിലും പാളയത്തും പൂര്‍ത്തിയാക്കിയ കേന്ദ്രങ്ങളില്‍ നാമമാത്രമായ സൗകര്യമാണുള്ളത്. നഗരസഭയിലെ പാര്‍ക്കിങ് കേന്ദ്രത്തിലാകട്ടെ കോര്‍പ്പറേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരുടെ വാഹനങ്ങള്‍പോലും പാര്‍ക്ക് ചെയ്യാന്‍ ഇടം തികയുന്നില്ല.
കിഴക്കേകോട്ട ഗാന്ധിപാര്‍ക്ക് മൈതാനത്തില്‍ വാഹനം പാര്‍ക്കുചെയ്യാന്‍ സര്‍ക്കസ് പഠിക്കണം. തോന്നുംപടി പാര്‍ക്കുചെയ്യുന്ന ഇവിടെ കയറുന്ന വാഹനങ്ങള്‍ തിരിച്ചിറക്കണമെങ്കില്‍ മണിക്കൂറുകള്‍ കാത്തിരിക്കുകയും വേണം.
നഗരസഭയുടെ പിടിപ്പുകേട് മൂലം ഗതാഗതക്കുരുക്ക് വര്‍ധിച്ചതോടെയാണ് പ്രധാന റോഡുകളില്‍ പേ ആന്റ് പാര്‍ക്കിങ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തെ തുടര്‍ന്നാണ് പാര്‍ക്കിങിന് അനുവാദം നല്‍കേണ്ട റോഡുകളുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിയത്.
നിലവില്‍ പാര്‍ക്കിങ് സംവിധാനം നടപ്പാക്കിയിട്ടുള്ളവ ഉള്‍പ്പെടെയുള്ള റോഡുകളിലാണ് പണം ഈടാക്കുക. ഇതൊഴികെ മറ്റുള്ള സ്ഥലങ്ങളില്‍ പാര്‍ക്കുചെയ്താല്‍ ‘പിഴ’ എന്ന നിലയില്‍ കൂടുതല്‍ തുക ഈടാക്കും. 38 റോഡുകളൊഴികെയുള്ളവ ‘നോ പാര്‍ക്കിങ്’ ഏരിയ ആയി പ്രഖ്യാപിക്കാന്‍ ട്രാഫിക് പോലീസ് ശിപാര്‍ശ നല്‍കിക്കഴിഞ്ഞു.
പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്ന റോഡുകള്‍
എംജി കോളജിന്റെ ആദ്യ ഗേറ്റ് മുതല്‍ രണ്ടാമത്തെ ഗേറ്റ് വരെയും മോഡല്‍ സ്‌കൂള്‍-പനവിള റോഡില്‍ മോഡല്‍ സ്‌കൂള്‍ ബസ് സ്‌റ്റോപ്പിന് ശേഷം ഖാദി ബോര്‍ഡ് ഓഫീസ് വരെയും പാര്‍ക്കിങ് സംവിധാനമൊരുക്കും. സ്റ്റാച്യു-ഓവര്‍ബ്രിഡ്ജ് റോഡില്‍ സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് മുതല്‍ പുളിമൂട് വരെയും പുളിമൂട് മുതല്‍ ആയുര്‍വേദ കോളജിന്റെ രണ്ടാമത്തെ ഗേറ്റ് വരെയും ഓവര്‍ബ്രിഡ്ജ്-പഴവങ്ങാടി റോഡില്‍ ഓവര്‍ബ്രിഡ്ജ് മുതല്‍ പഴവങ്ങാടി റോഡിന്റെ ഇടതു വശത്തും തകരപ്പറമ്പ് ഫ്‌ളൈ ഓവര്‍ മുതല്‍ പഴവങ്ങാടി വരെ റോഡിന്റെ വലതു വശത്തും പാര്‍ക്കിങ് അനുവദിക്കും.
അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡില്‍ കാമാക്ഷി ദേവീ ക്ഷേത്രം മുതല്‍ കിള്ളിപ്പാലം വരെയും കിള്ളിപ്പാലം-കല്‍പ്പാളയം റോഡില്‍ ഇന്ത്യന്‍ ഓയില്‍ പമ്പ് മുതല്‍ ആണ്ടിയിറക്കം വരെയും കരമന ബസ് ബേ മുതല്‍ കല്‍പ്പാളയം വരെയും മേലെ പഴവങ്ങാടി-പവര്‍ഹൗസ് റോഡിലെ ഫ്‌ളൈ ഓവറിന് കീഴിലും പാര്‍ക്കിങ് അനുവദിക്കും.
ആര്‍എംഎസ്-എസ്എസ് കോവില്‍ റോഡിന്റെ ഇടതു വശത്തും ആയുര്‍വേദ കോളജ്-കുന്നുംപുറം റോഡിന്റെ വലതു വശത്തും തൈക്കാട്-മേട്ടുക്കട റോഡില്‍ തൈക്കാട് ഇശക്കി അമ്മന്‍ ക്ഷേത്രം മുതല്‍ മേട്ടുക്കട റിലയന്‍സ് ഫ്രഷ് വരെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഗേറ്റ് മുതല്‍ മേട്ടുക്കട അമൃത ഹോട്ടല്‍ വരെയും പേട്ട റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും വാഹനങ്ങള്‍ പണം നല്‍കി നിറുത്തിയിടാം. വാഹനങ്ങള്‍ക്കൊന്നിന് മണിക്കൂറില്‍ 10 രൂപ വീതമാണ് ഈടാക്കുക.
















