അമ്പലപ്പുഴ: അത്തം കഴിഞ്ഞു. ഓണം പടിവാതില്‍ക്കലെത്തി.ഇത്തവണ കുടിവെള്ളം പോലുമില്ലാതെ ഓണമാഘോഷിക്കേണ്ട ദുരവസ്ഥയില്‍ ഒരു നാട്. പുറക്കാട് പഞ്ചായത്ത് 6, 7 വാര്‍ഡുകളായ ഇല്ലിച്ചിറയിലെ 70 ഓളം കുടുംബങ്ങളാണ് രണ്ട് മാസമായി കുടിവെള്ളം കിട്ടാതെ വലയുന്നത്.ഭൂരിഭാഗവും പട്ടികജാതി, പട്ടിക വര്‍ഗ കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. നേരത്തെ പൊതു ടാപ്പ് ഉണ്ടായിരുന്നപ്പോള്‍ കുടിവെള്ളത്തിന് ഇവിടെ ക്ഷാമമില്ലായിരുന്നു.
എന്നാല്‍ പിന്നീട് ഹൗസ് കണക്ഷന്‍ ഏര്‍പ്പെടുത്തിയതോടെ കുടിവെള്ളം കിട്ടാക്കനിയായി. പല സ്ഥലത്തും പൈപ്പ് ലൈന്‍ പൊട്ടിയതാണ് ഈ പ്രദേശത്ത് കുടിവെള്ളം ലഭിക്കാതായത്.പല തവണ പഞ്ചായത്ത്, വാട്ടര്‍ അതോറിറ്റി എന്നിവര്‍ക്ക് പരാതി പറഞ്ഞിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ഒരു തുള്ളി കുടിവെള്ളം ഇവിടെ കിട്ടാതായതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ കിലോ മീറ്ററുകള്‍ നടന്ന് ടിഎസ് കനാലിന് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വ്യക്തിയുടെ വീട്ടില്‍ നിന്നാണ് ഇവിടുത്തേക്ക് വള്ളത്തില്‍ വെള്ളമെത്തിക്കുന്നത്. പ്രാഥമികാവശ്യത്തിനും വീട്ടാവശ്യത്തിനും ഒരു തുള്ളി വെള്ളം കിട്ടിയിട്ട് രണ്ട് മാസം കഴിഞ്ഞു.ഇപ്പോള്‍ മാലിന്യം നിറഞ്ഞ ഇല്ലിച്ചിറ തോട്ടിലെ വെള്ളമാണ് നാട്ടുകാര്‍ തുണി, പാത്രം എന്നിവ കഴുകാനും കുളിക്കാനുമുപയോഗിക്കുന്നത്.
കുടത്തിലും കലത്തിലുമൊക്കെ ഈ മലിനജലം വീട്ടമ്മമാര്‍ തലയിലേന്തിയാണ് വീടുകളിലെത്തിക്കുന്നത്. ഓണം പടിവാതില്‍ക്കലെത്തിയിട്ടും കുടിവെള്ളം കിട്ടാത്ത സ്ഥിതിയായതോടെ എങ്ങനെ ഓണം ആഘോഷിക്കുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. മാസങ്ങളായി ഇത്രയും കുടുംബങ്ങള്‍ നരകയാതന അനുഭവിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അല്‍പ്പം കുടിവെള്ളമെങ്കിലും തങ്ങള്‍ക്ക് എത്തിച്ചു തരണമെന്നാണ് വീട്ടമ്മമാര്‍ അഭ്യര്‍ത്ഥിക്കുന്നത്.തിരുവോണത്തിന് മുന്‍പെങ്കിലും ഒരു തുളളി കുടിവെള്ളം എത്തുമെന്ന് കരുതി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണ് ഇവര്‍.
















