തൊടുപുഴ: ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ സന്ദര്‍ശനത്തിന് തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ ബുധനാഴ്ചകളിലും വെള്ളം തുറന്ന് വിടേണ്ട ദിവസങ്ങളിലും ശക്തമായ മഴയെ തുടര്‍ന്നുള്ള റെഡ്/ ഓറഞ്ച് മുന്നറിയിപ്പുകള്‍ നിലവിലുണ്ടാകുന്ന അവസരങ്ങളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല. ഡാമില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ക്ക് തടസ്സമാകാതെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തി സന്ദര്‍ശനം സാധ്യമാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. മാലിന്യ സംസ്‌കരണം, മുന്നറിയിപ്പ് ബോര്‍ഡുകള്‍, ക്ലീനിംഗ് ജീവനക്കാര്‍, ശുചിമുറി സൗകര്യങ്ങള്‍ തുടങ്ങിയവ ഹൈഡല്‍ ടൂറിസം വകുപ്പ് ഒരുക്കേണ്ടതാണ്. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുകയും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുകയും വേണം. സന്ദര്‍ശകരുടെ സുരക്ഷയ്‌ക്കായി പോലീസിനെ നിയോഗിക്കുന്നതും ഇന്‍ഷുറന്‍സ് സംവിധാനങ്ങളും ഹൈഡല്‍ ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്തമായിരിക്കും. അപകടസാധ്യതയുള്ള മേഖലകളില്‍ ബാരിക്കേഡുകളും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ച് പ്രവേശനം നിയന്ത്രിക്കണം. ഡ്രൈവര്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും നെക് ടാഗ് ഉണ്ടായിരിക്കണം. സാധുവായ ടാഗ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. തിരക്ക് ഒഴിവാക്കാന്‍ ബുക്കിംഗ് സംവിധാനം ശക്തിപ്പെടുത്തും.
















