കോട്ടയം : കോട്ടയം നഗരസഭയില്‍ നിന്ന് മൂന്നുകോടി രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ പെന്‍ഷന്‍ വിഭാഗം ജീവനക്കാരന്‍ അഖില്‍ സി. വര്‍ഗീസ് കൊല്ലത്ത് വിജിലന്‍സിന്‌റെ പിടിയിലായി. ഒരു വര്‍ഷമായി അഖിലിന് വേണ്ടിയുള്ള തെരച്ചിലായിരുന്നു വിജിലന്‍സും ക്രൈംബ്രാഞ്ചും. ഇയാളുടെ അമ്മ ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് ജീവനക്കാരുടെ പെന്‍ഷന്‍ തുക മാറ്റിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കോട്ടയം വെസ്റ്റ് പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് വിജിലന്‍സ് കേസ് ഏറ്റെടുത്തു.
നഗരസഭയില്‍നിന്ന് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ അപാകതകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് വിശദമായ അന്വേഷണം നടത്തിയതും വെട്ടിപ്പ് ബോധ്യപ്പെട്ടതും. 2020 മുതല്‍ അഖില്‍ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ തിരിമറി നടന്നതായാണ് കണ്ടെത്തല്‍.
















